തട്ടിക്കൂട്ട് റോഡുപണിയില്‍ അടിയന്തര ഇടപെടലുമായി ഹൈക്കോടതി; കളക്ടര്‍മാരോട് ഉടനടി പരിശോധന നടത്താന്‍ നിര്‍ദേശം
ദേശീയപാതയിലെ അറ്റകുറ്റപ്പണികള്‍ അടിയന്തര ഇടപെടലുമായി ഹൈക്കോടതി. ഇടപ്പള്ളി-മണ്ണൂത്തി ദേശീയപാതയിലെ അറ്റകുറ്റപ്പണികള്‍ പരിശോധിക്കാന്‍ കളക്ടര്‍മാരോട് നിര്‍ദേശം നല്കി.
റോഡിലെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായത്. അടിയന്തരമായി അറ്റകുറ്റപ്പണിയുടെ സ്ഥിതിഗതികള്‍ വിലയിരുത്തണം കൂടാതെ നിലവാരം പരിശോധിക്കാനും കോടതി നിര്‍ദേശം നല്കി. ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് അമിക്കസ്ക്യൂറി വഴി നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് മരിച്ച സംഭവത്തില്‍ അടിയന്തര ഇടപെടല്‍ അവധി ദിനത്തിലും ഹൈക്കോടതി നടത്തിയിരുന്നു. എന്‍ എച്ച് 47ലുള്ള കുഴികള്‍ എത്രയും പെട്ടെന്ന് അടയ്ക്കാന്‍ അവധി ദിനത്തില്‍ അമിക്കസ്ക്യൂറി വഴി ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ ദേശീയ പാതയിലെയും പിഡബ്ല്യുഡി റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തീകരിക്കണമെന്നു ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇന്നലെ ഇറക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അശാസ്ത്രീയ രീതിയാലണ് കുഴിയടക്കല്‍ ആരംഭിച്ചതെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കോടതി കളക്ടര്‍മാരോട് അറ്റകുറ്റപ്പണികള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.
Content Highlights – High Court with urgent intervention in the maintenance of national highway