അവയവദാനത്തിന് പുതിയ പ്രോട്ടോകോൾ നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി
അവയവദാനവുമായി ബന്ധപ്പെട്ട് സമഗ്ര പ്രോട്ടോകോൾ രൂപീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ്. അവയവദാന പ്രവർത്തനങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതിനു വേണ്ടിയാണ് പ്രോട്ടോകോൾ നവീകരിച്ച് സമഗ്രമാക്കുന്നത്.
അവയവദാനം ശക്തിപ്പെടുത്തുന്നതിനു വിളിച്ചുകൂട്ടിയ മെഡിക്കൽ കോളേജുകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനവും മരണാനന്തര അവയവദാനവും ഈ പ്രോട്ടോകോളിനു കീഴിൽ കൊണ്ടുവരും. അവയവദാനം റിപ്പോർട്ട് ചെയ്യുന്നതു മുതൽ അവയവ വിന്യാസം, ശസ്ത്രക്രിയ, തുടർ ചികിത്സ എന്നിവയിൽ വ്യക്തമായ മാനദണ്ഡങ്ങൾ കൊണ്ടുവരും.
ഓരോരുത്തരുടെയും ഉത്തരവാദിത്വം നിശ്ചയിക്കുകയും അത് ഉറപ്പാക്കുകയും ചെയ്യും. ഇതു സംബന്ധിച്ച് രൂപവത്കരിക്കുന്ന കമ്മിറ്റി ഇത് ഉറപ്പാക്കണം.
അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷവും തുടർചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശം നൽകി.
ഓരോ മെഡിക്കൽ കോളേജും കൃത്യമായ അവലോകനയോഗം നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തണമെന്നും മന്ത്രി നിർദേശം നൽകി.
ഒരുസംഘംതന്നെ അവയവദാന പ്രക്രിയ പൂർത്തിയാക്കുന്നതിലെ ബുദ്ധിമുട്ട് പരിഹരിക്കാൻ മറ്റൊരു സംഘത്തെക്കൂടി സജ്ജമാക്കി നിയോഗിക്കണമെന്നും മന്ത്രി നിർദേശിച്ചു.
ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Content Highlights – Health Minister to implement new protocol for organ donation