സംസ്ഥാന സർക്കാറിനെ അട്ടിമറിക്കാൻ കേന്ദ്രം ബോധപൂർവം ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ
സംസ്ഥാന സർക്കാറിനെ അട്ടിമറിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇതിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉള്‍പ്പെടെയുള്ള കേന്ദ്രഅന്വേഷണ ഏജന്‍സികളെ തുറന്നുവിട്ടിരിക്കുകയാണ്. മറ്റൊരു ഭാഗത്ത് ഗവര്‍ണറെ ഉപയോഗിച്ച് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ നോക്കുന്നു. അതിന്റെ ഭാഗമാണ് ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ല എന്ന ഗവര്‍ണറുടെ ശാഠ്യം. ഇതിലൂടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മോദി ഭരണത്തിന്റെയും ബി.ജെ.പിയുടെയും ചട്ടുകമായി മാറിയിരിക്കുകയാണെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി ബാലകൃഷ്ണൻ പറയുന്നു.
രാഷ്ട്രപതി കേന്ദ്രമന്ത്രിസഭയുടെയും ഗവര്‍ണര്‍മാര്‍ സംസ്ഥാന മന്ത്രിസഭകളുടെയും ഉപദേശം അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നതാണ് ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥ നിഷ്കര്‍ഷിക്കുന്നതെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. മന്ത്രിമാര്‍ ചുമതലകള്‍ നിറവേറ്റുന്നത് ശരിയായ രീതിയിലാണോ എന്ന് ക്രമമായും ഇടയ്ക്കിടയ്ക്കും പരിശോധന നടത്താന്‍ സംവിധാനമുണ്ട്. പാര്‍ലമെന്റിലും നിയമസഭകളിലും ഉന്നയിക്കുന്ന ചോദ്യങ്ങള്‍, വരുന്ന പ്രമേയങ്ങള്‍, നടക്കുന്ന ചര്‍ച്ചകള്‍ എന്നിവ വഴി ജനപ്രതിനിധികള്‍ക്ക് ഇടയ്ക്കിടെ പരിശോധന നടത്താം.
പൊതുതിരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ക്കും പരിശോധന നടത്താന്‍ അവസരം നല്കുന്നു. ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വമാണ്. 1950-ല്‍ നാം അംഗീകരിച്ച ഭരണഘടന വിഭാവനം ചെയ്യുന്നത് ഫെഡറല്‍ സംവിധാനമാണ്. ഭരണഘടനയിലെ 356-ാം വകുപ്പ് സംസ്ഥാനങ്ങളുടെമേല്‍ മുമ്പ് പലതവണ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അത് പരീക്ഷിക്കാന്‍ ഇന്ന് പരിമിതികളുണ്ട്. അതുകൊണ്ടാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ജനകീയ സര്‍ക്കാരിനെ ഗവര്‍ണറെ ഉള്‍പ്പെടെ ഉപയോഗിച്ച് വളഞ്ഞ വഴികളിലൂടെ വരിഞ്ഞുമുറുക്കാനും ശ്വാസം മുട്ടിക്കാനും അട്ടിമറിക്കാനും നോക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഫെഡറലിസത്തിനും ഭരണഘടനയ്ക്കും എതിരായ നീചമായ കടന്നാക്രമണമാണ് നടത്തുന്നതെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസിന്റെ കേരള നേതാക്കള്‍ മോദി സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ഈ കിരാത നീക്കത്തിന് ഒത്താശക്കാരായി മാറിയിരിക്കുകയാണ്. എല്‍.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കേന്ദ്രത്തിന്റേയും പ്രതിപക്ഷ കക്ഷികളുടെയും ഗൂഢനീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവരും. യു.ഡി.എഫിലെ ഘടകകക്ഷികള്‍ക്കോ അവയിലെ അണികള്‍ക്കോ ഈ ജനകീയ കൂട്ടായ്മയില്‍ പങ്കെടുക്കാം. അവരുമായി ഈ വിഷയത്തില്‍ കൈകോര്‍ക്കാന്‍ സി.പി.എം. തയ്യാറാണെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.