കര്‍ണ്ണാടക മുഖ്യമന്ത്രി സ്ഥാനം വില്പനയ്ക്ക്, മൂല്യം 2500 കോടി! ആരോപണവുമായി കോണ്‍ഗ്രസ്
കര്‍ണ്ണാടക മുഖ്യമന്ത്രിക്കസേര വില്പനയ്ക്ക് വെച്ചിരിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കര്‍ണാടക പ്രതിപക്ഷനേതാവ് ബി കെ ഹരിപ്രസാദാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 2500 കോടി രൂപ വരെ മുഖ്യമന്ത്രിക്കസേരയ്ക്ക് വിലയിട്ടിട്ടുണ്ടെന്നും മുതിര്‍ന്ന ഒരു ബിജെപി നേതാവാണ് ഈ തുകയ്ക്ക് മുഖ്യമന്ത്രിയാകാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നതെന്നും ഹരിപ്രസാദ് പറഞ്ഞു. പേരെടുത്തു പറയാതെയാണ് ആരോപണം. മുഖ്യമന്ത്രി സ്ഥാനത്തിനായി ഒട്ടേറെപ്പേര്‍ രംഗത്തുണ്ടെന്നാണ് ബിജെപി നേതാവ് പറഞ്ഞതെന്നും ഹരിപ്രസാദ് വ്യക്തമാക്കി.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് സ്ഥാനം നഷ്ടമായേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ഒരു മാസത്തിലേറെയായി പ്രചരിക്കുന്നുണ്ട്. ഇതിനിടെയാണ് കോണ്‍ഗ്രസ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ബൊമ്മെയ്ക്ക് മുന്‍പ് മുഖ്യമന്ത്രിയായിരുന്ന ബി എസ് യെദ്യൂരപ്പ ബിജെപിയുടെ പാര്‍ലമെന്ററി പാനലില്‍ എത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. യെദ്യൂരപ്പയെ പുറത്താക്കിക്കൊണ്ടാണ് ബൊമ്മെയെ മുഖ്യമന്ത്രി സ്ഥാനത്ത് പ്രതിഷ്ഠിച്ചത്.
പിന്നീട് യെദ്യൂരപ്പ പാര്‍ട്ടിയിലെ പ്രധാന ചുമതലകളിലൊന്നായ പാര്‍ലമെന്ററി പാനലില്‍ എത്തിയതോടെ ബൊമ്മെയ്ക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞിരിക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ആരോപണം നിഷേധിച്ച ബിജെപി നേതൃത്വം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ബൊമ്മെ തന്നെ നയിക്കുമെന്ന് അവകാശപ്പെട്ടു.