സിംബാബ്വെക്കെതിരായ ഇന്ത്യയുടെ രണ്ടാം ഏകദിനം ഇന്ന്
സിംബാബ്വെക്കെതിരായ ഏകദിന പരമ്പര ജയം ഉറപ്പിക്കാന്‍ ഇന്ത്യ. ആദ്യ ഏകദിനത്തിൽ 10 വിക്കറ്റിനാണ് സിംബാബ്വെ തോറ്റത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.45നാണ് മത്സരം.
ആദ്യ ഏകദിനം കളിച്ച അതേ പ്ലെയിംഗ് ഇലവനെ ഇന്ത്യ കളത്തിലിറക്കാനാണ് സാധ്യത. എന്നാൽ ആദ്യ ഏകദിനത്തിന് ശേഷം ധവാന്റെ കൈക്ക് പരിക്കേറ്റിരുന്നു. പരിക്ക് ഗുരുതരമാണെങ്കിൽ ധവാന് പകരക്കാരനായി കെ എൽ രാഹുൽ എത്തിയേക്കും. ഏഷ്യാ കപ്പിന് മുമ്പ് രാഹുലിന് പരമാവധി ബാറ്റിംഗ് സമയം ലഭിക്കേണ്ടതുണ്ട്.
ശുഭ്മാൻ ഗിൽ ഓപ്പണിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും, ധവാന് രണ്ടാം ഏകദിനം നഷ്ടമായാല്‍, ഇഷാൻ കിഷന് ഓപ്പൺ ചെയ്യാൻ അവസരം നൽകിക്കൊണ്ട് ഇടംകൈ-വലംകൈ കോമ്പിനേഷനും ടീം പരിഗണിച്ചേക്കും. ഇന്ത്യയുടെ കഴിഞ്ഞ 4 ഏകദിനങ്ങളില്‍ നിന്ന് മൂന്നാമത്തെ 100 റണ്‍സ് ഓപ്പണിങ് കൂട്ടുകെട്ടാണ് ധവാനും ഗില്ലും ചേര്‍ന്ന് കണ്ടെത്തിയത്. ഇത് കണക്കിലെടുത്ത് ഗില്ലിന് ഇനിയും അവസരം നൽകാനാണ് സാധ്യത. ഇഷാന് മൂന്നാമതും സഞ്ജു സാംസണ് നാലാമതും ഹൂഡ അഞ്ചാമതും ഇറങ്ങാനാണ് സാധ്യത.