ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ എന്തിന് സംസാരിക്കുന്നു; ബാബ രാംദേവിനെതിരെ സുപ്രീം കോടതി
ആധുനിക വൈദ്യശാസ്ത്രത്തിനെതിരായ പരാമര്‍ശങ്ങളില്‍ ബാബ രാംദേവിനെതിരെ സുപ്രീം കോടതി. എന്തിനാണ് ആധുനിക വൈദ്യശാസ്ത്രത്തെ കുറ്റപ്പെടുത്തുന്നതെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഇത്തരം വിമര്‍ശനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും രാംദേവിനോട് നിര്‍ദേശിച്ചു. നമ്മള് എല്ലാവരും അദ്ദേഹത്തെ ബഹുമാനിക്കുന്നു. യോഗയെ അദ്ദേഹം ജനകീയമാക്കി. എന്നാല്‍ മറ്റു സംവിധാനങ്ങളെ വിമര്‍ശിക്കരുത്. അദ്ദേഹം പിന്തുടരുന്ന മാര്‍ഗ്ഗത്തില്‍ എല്ലാ രോഗങ്ങളും മാറുമെന്നതില്‍ അദ്ദേഹത്തിന് എന്ത് ഉറപ്പാണുള്ളത്.
ഡോക്ടര്‍മാരുടെ സംവിധാനങ്ങളെ വിമര്‍ശിക്കാന്‍ അദ്ദേഹത്തിനാകില്ല. മറ്റു സംവിധാനങ്ങളെ ആക്ഷേപിക്കുന്നതില്‍ നിന്ന് അദ്ദേഹം സ്വയം നിയന്ത്രിക്കണം. രാംദേവിന് എന്തു സംഭവിച്ചുവെന്നും ജസ്റ്റിസ് രമണ ചോദിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നല്കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി രാംദേവിനെ വിമര്‍ശിച്ചത്. ആധുനിക വൈദ്യശാസ്ത്രത്തിനും ഡോക്ടര്‍മാര്‍ക്കും കോവിഡ് വാക്സിനേഷനുമെതിരെ രാംദേവ് പ്രചാരണം നടത്തുന്നുവെന്ന് കാട്ടിയായിരുന്നു പരാതി.
അലോപ്പതി മരുന്നു കാരണം ലക്ഷങ്ങള്‍ മരിച്ചു വീഴുകയായിരുന്നുവെന്നാണ് കഴിഞ്ഞ വര്‍ഷം കോവിഡ് രണ്ടാം തരംഗ കാലത്ത് രാംദേവ് പറഞ്ഞത്. രണ്ടു ഡോസ് വാക്സിന് എടുത്തിട്ടും ഓക്സിജന്‍ ലഭിച്ചിട്ടും ഡോക്ടര്‍മാരുള്‍പ്പെടെ മരിച്ചുവെന്നും ഒരു വീഡിയോയില്‍ രാംദേവ് പറഞ്ഞിരുന്നു. ആയുര്‍വേദത്തെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് പിന്മാറണമെന്ന് കഴിഞ്ഞയാഴ്ച ഡല്‍ഹി ഹൈക്കോടതിയും രാംദേവിനോട് ആവശ്യപ്പെട്ടിരുന്നു.