ദിനംപ്രതി വർധിച്ച് ദുരഭിമാനക്കൊല
ദളിത് യുവാവിനെ ഭാര്യയുടെ വീട്ടുകാർ തല്ലിക്കൊന്നു. മേല്‍ജാതിക്കാരിയായ യുവതി ദളിതനെ വിവാഹം ചെയ്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് ഉത്തരാഖണ്ഡ് ഡിജിപി അറിയിച്ചു. ഭാര്യയുടെ അമ്മ രണ്ടാനച്ഛന്, സഹോദരന് എന്നിവർ അറസ്റ്റിലായിട്ടുണ്ട്. യുവതിയുടെ വീട്ടുകാരില്‍നിന്നും ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും കൊല്ലപ്പെട്ട ജഗദീഷ് ചന്ദ്ര നേരത്തെ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോയി കാറിലിട്ട് മർദിച്ചാണ് കൊലപ്പെടുത്തിയത്. ഒരുമാസം മുന്‍പാണ് ജഗദീഷ് ചന്ദ്രയും യുവതിയും തമ്മിലുള്ള വിവാഹം നടന്നത്.
പനുവധോഖാൻ നിവാസിയായ കെഷ്റാമിന്റെ മകൻ ജഗദീഷ് ചന്ദ്രയും ഭിക്കിയസൈൻ നിവാസിയായ ഗീതയും ഓഗസ്റ്റ് 21 ന് ഗൈരാദ് ക്ഷേത്രത്തിൽ വിവാഹിതരായിരുന്നു. വിവാഹത്തിന് മുമ്പ് യുവതിയും തന്റെ രണ്ടാനച്ഛൻ ജോഗ സിങ്ങിനും അർദ്ധസഹോദരൻ ഗോവിന്ദ് സിങ്ങിനുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. ദളിതനെ വിവാഹം കഴിച്ചുവെന്ന് ആരോപിച്ച് ഇരുവരും ചേർന്ന് ജഗദീഷിനെ കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ജഗദീഷ് ഉത്തരാഖണ്ഡ് പരിവർത്തൻ പാർട്ടിയുടെ (യുപിപി) നേതാവും രണ്ട് തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ള വ്യക്തിയുമാണെന്ന് ഇന്ത്യൻ എക്സപ്രെസ് റിപ്പോർട്ട് ചെയ്യുന്നു.
വ്യാഴാഴ്ച ജഗദീഷിന്റെ ഭാര്യവീട്ടുകാർ ഇയാളെ ഭിക്കിയാസൈനിൽ പിടികൂടി വാഹനത്തിൽ കയറ്റി ബലമായി തട്ടിക്കൊണ്ടുപയെന്നാണ് പരാതി. തുടർന്ന് ജഗദീഷ് ക്രൂരമായി കൊലചെയ്യപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും വാഹനത്തിൽ നിന്ന് രക്തത്തിൽ കുളിച്ച ജഗദീഷിന്റെ മൃതദേഹം വൈകുന്നേരത്തോടെ കണ്ടെടുക്കുകയായിരുന്നു. ദലിതനെ വിവാഹം കഴിച്ചതുമുതൽ ജഗദീഷിനെതിരെ വലിയ ശത്രുതയായിരുന്നു ഗീതയുടെ കുടുംബം പുലർത്തിയിരുന്നത്.