കുഞ്ഞു മരിക്കുന്ന കേന്ദ്രജീവനക്കാരിക്ക് 60 ദിവസത്തെ അവധി പ്രഖ്യാപിച്ചു
പ്രസവത്തിലോ ജനിച്ചയുടനയോ കുഞ്ഞു മരിക്കുന്ന അമ്മമാര്‍ക്ക് 60 ദിവസത്തെ പ്രത്യേക പ്രസവാവധി അനുവദിക്കാന്‍ തീരുമാനമായി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരികളായ അമ്മമാര്‍ക്കാണ് പ്രത്യേക ലീവ് അനുവദിക്കുക.
കുഞ്ഞിന്റെ മരണശേഷം അമ്മമാര്ക്കുണ്ടാകാന് സാധ്യതയുള്ള വൈകാരികാഘാതം പരിഗണിച്ചാണ് പഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി കൂടിയോലോചിച്ചാണ് തീരുമാനമെന്ന് പഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
രണ്ടില്‍ താഴെയുള്ള കുട്ടികളുള്ള അമ്മമാര്‍ക്കാണ് ഈ ആനുകൂല്യത്തിന് അര്‍ഹത ലഭിക്കുക. പ്രസവം സര്‍ക്കാര്‍ ആശുപത്രിയിലോ കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതിക്ക് കീഴില്‍ എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രിയിലോ ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. അടിയന്തര സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളിലാണ് പ്രസവമെങ്കില്‍ അതു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.
കുഞ്ഞിന്റെ മരണത്തെ തുടര്‍ന്നുണ്ടാവുന്ന മാനസികാഘാതം അമ്മമാരുടെ ജീവിതത്തില്‍ ദീര്‍ഘനാളത്തെ ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുമെന്ന കണ്ടെത്തിയിരുന്നു. ഇതു പരിഗണനയില്‍ എടുത്താണ് ലീവ് അനുവദിച്ചത്.
അതേസമയം, കുട്ടി ജനിച്ച് 28 ദിവസത്തിനുള്ളില്‍ മരിക്കുന്ന അമ്മമാര്‍ക്കും അവധി ലഭിക്കുമെന്ന് കേന്ദ്രം അറിയിച്ചു.
Content Highlights – Grant special maternity leave of 60 days to mothers whose babies die during childbirth