300-ലേറെ യുവതികളെ ചൂഷണത്തിനിരയാക്കി; സംവിധായകനും സഹസംവിധായകയും അറസ്റ്റിൽ
സേലത്ത് അറസ്റ്റിലായ സംവിധായകനും സഹസംവിധായകയും കൂടി നിരവധി യുവതികളെ ചൂഷണത്തിനിരയാക്കിയതായി പോലീസ്. ഏകദേശം മുന്നൂറിലേറെ യുവതികളാണ് സംവിധായകനായ വേല്സത്തിരന്റെ അതിക്രമത്തിന് ഇരയായതെന്നും ഇവരുടെയെല്ലാം അശ്ലീലവീഡിയോകളും ചിത്രങ്ങളും ഇയാള് പകര്ത്തിയിരുന്നതായും പോലീസ് പറഞ്ഞു.
സേലം സൂരമംഗലത്തെ എസ്.ബി.ഐ. ഓഫീസേഴ്സ് കോളനിയിലാണ് വേൽസത്തിരന്റെ ‘ഗ്ലോബൽ ക്രിയേഷൻസ്’ എന്ന സിനിമാ കമ്പനി പ്രവർത്തിച്ചിരുന്നത്. ‘നോ’ എന്ന പേരിൽ സിനിമ നിർമിക്കുന്നുണ്ടെന്നും ഇതിനുവേണ്ടി നടിമാരെ ആവശ്യമുണ്ടെന്നും അറിയിച്ചാണ് സിനിമാമോഹമുള്ള യുവതികളെ ഇവർ വലവീശിപ്പിടിച്ചിരുന്നത്. ഓഡിഷന് വിളിപ്പിക്കുന്ന യുവതികളെ കൊണ്ട് ഇയാൾക്കൊപ്പം അടുത്തിടപഴകുന്ന സീനുകളും മറ്റും അഭിനയിപ്പിക്കും. പിന്നീട് ഈ രംഗങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതായിരുന്നു ഇവരുടെ രീതി. ഓഡിഷനെത്തുന്നവരോട് ദേശീയ പുരസ്കാരം ലക്ഷ്യമിട്ടുള്ള സിനിമയാണിതെന്നും അതിനാലാണ് അശ്ലീലരംഗങ്ങൾ അഭിനയിക്കാൻ ആവശ്യപ്പെടുന്നതെന്നുമായിരുന്നു പറഞ്ഞിരുന്നത്. ഓഡിഷനെത്തിയ തിക്താനുഭവത്താൽ പിന്നീട് ഇവർക്ക് അരികിലേക്ക് എത്താത്ത പെൺകുട്ടികളെ ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ലൈംഗികമായി ചൂഷണം ചെയ്യുന്നതുമായിരുന്നു വേൽസത്തിരന്റെ രീതി.
യുവതികളെ പറഞ്ഞു വശീകരിച്ചു ക്യാമറകൾക്കു മുന്നിലെത്തിച്ചിരുന്നത് സഹസംവിധായികയായിരുന്നു. സംഭവം പുറം ലോകമറിഞ്ഞത് ഇത്തരത്തിൽ ഇവരുടെ പിടിയിലായ ഇരുമ്പപാളയം സ്വദേശിനി പൊലീസിൽ പരാതി നൽകിയപ്പോഴാണ്. സഹനടിമാരെ ആവശ്യമുണ്ടന്ന സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ടാണ് ഇരുമ്പപാളയം സ്വദേശിയായ യുവതി സേലം ട്രാഫിക് സർക്കിളിലെ സ്റ്റുഡിയോയിലെത്തുന്നത്. പുതിയ സിനിമ തുടങ്ങുന്നതു വരെ ഓഫിസ് ജോലി നൽകാമെന്നു സംവിധായകൻ വാഗ്ദാനം നൽകി. മൂന്നുമാസം ജോലി ചെയ്തെങ്കിലും കൂലി കിട്ടാത്തതിനെ തുടർന്നു കഴിഞ്ഞ ദിവസം ഇവരുടെ സ്റ്റുഡിയോ ഫ്ലോറിലെത്തിയപ്പോഴാണു അശ്ലീല ചിത്ര നിർമാണമാണു നടക്കുന്നതെന്നു യുവതിക്കു മനസിലായത്.
ഉടൻ ഇവർ സൂറമംഗളം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ റെയിഡിൽ 300ഓളം സ്ത്രീകൾ ചൂഷണത്തിന് ഇരയായെന്ന് വ്യക്തമായി. ഇവരുടെ ദൃശ്യങ്ങളടങ്ങുന്ന ലാപ്ടോപ്പും ഹാർഡ് ഡിസ്കും കണ്ടെത്തി. ചൂഷണത്തിനിരയായ മുഴുവൻ പേരെയും കണ്ടെത്താനായി പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. വേൽസത്തിരനേയും ജയജ്യോതിയേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ കസ്റ്റഡിയിലാണ്.