സിബിഐയുടെ പുതിയ മേധാവിയായി കർണാടക ഡിജിപി പ്രവീൺ സൂദ്
സിബിഐക്ക് പുതിയ മേധാവിയായി കർണാടക ഡിജിപി പ്രവീൺ സൂദിനെ നിയമിച്ചു. രണ്ട് വർഷത്തേക്കാണ് നിയമനം. അധികാരത്തിൽ വന്നാൽ ബിജപിക്കുവേണ്ടി പണിയെടുക്കുന്ന പ്രവീൺ സൂദിനെതിരെ നടപടിയെടുക്കുമെന്ന് ഡികെ ശിവകുമാർ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് അധികാരത്തിലെത്തി തൊട്ടു പിറ്റേന്നാണ് പ്രവീൺ സൂദിനെ സിബിഐ തലപ്പത്ത് കേന്ദ്രം നിയമിച്ചത്.
സിബിഐ മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ ചുരുക്ക പട്ടികയാണ് അവസാനം ഉണ്ടായിരുന്നത്. കർണാടക ഡിജിപി പ്രവീൺ സൂദിന് പുറമെ, മധ്യപ്രദേശ് ഡിജിപി സുധീർ സക്സേന, കേന്ദ്ര ഫയർ സർവീസസ് മേധാവി താജ് ഹസ്സൻ എന്നിവരെയാണ് സിബിഐ തലപ്പത്തേക്ക് പരിഗണിച്ചിരുന്നത്. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പ്രവീൺ സൂദ്. ഇദ്ദേഹത്തിനാണ് ആദ്യം മുതലേ പ്രഥമ പരിഗണന ലഭിച്ചിരുന്നത്.