പൊന്നമ്പലമേട്ടിലെ പൂജ : പ്രതി നാരായണൻ ഒളിവിൽ തന്നെ
പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയ നാരായണൻ ഒളിവിൽ തന്നെ. അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചു. നിലവിൽ റിമാന്റിലുളള രണ്ട് പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. അതേസമയം, പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയ സംഭവത്തിൽ ഇടനിലക്കാരനായത് കുമളിസ്വദേശിയായ കണ്ണനാണ്. പൂജ നടത്തിയ നാരായണനെ വനംവികസന കോർപ്പറേഷൻ ജീവനക്കാർക്ക് പരിചയപ്പെടുത്തിയത് ഇയാളാണ്. പണം നൽകിയതും കണ്ണൻ വഴിയാണ് എന്നാണ് വിവരം.
അതേസമയം, പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയവരുടെ ഉദ്ദേശം അയ്യപ്പഭക്തരെ അവഹേളിക്കലായിരുന്നെന്ന് പൊലീസ് എഫ്ഐആർ. മതവിശ്വാസത്തെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെ ആരാധനസ്ഥലത്ത് കടന്നുകയറിയെന്നതടക്കമുള്ള ഗുരുതര വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ വനം വകുപ്പ് അറസ്റ്റ് ചെയ്ത രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു. രാജേന്ദ്രൻ കറുപ്പയ്യ, സാബു മാത്യു എന്നിവരെയാണ് റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.