യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയൽ സമരം : സർക്കാരിന്റെ കടന്നാക്രമിച്ചു വി. ഡി സതീശൻ
സെക്രട്ടറിയേറ്റ് വളയൽ സമരത്തോടു കൂടി രണ്ടാം വാർഷികം പൂർത്തിയാക്കുന്ന ഈ സർക്കാരിനെ കേരളത്തിലെ ജനങ്ങളുടെ മനസാക്ഷിയുടെ കോടതിയിൽ വിചാരണ ചെയ്യാൻ പോകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സതീശൻ. ഈ രണ്ട് വർഷക്കാലത്തെ ഭരണത്തിന്റെയും അതിന് മുമ്പുള്ള 5 വർഷക്കാലത്തിന്റെയും ഭരണത്തിന്റെ കെടുതികൾ ജനങ്ങൾ നിരന്തരമായി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇത്രമാത്രം ജനങ്ങളെ ദ്രോഹിച്ച സർക്കാർ ഈ സംസ്ഥാനത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. മഹാപ്രളയത്തിനും മഹാമാരിക്കും ശേഷം ജീവിക്കാൻ നിവൃത്തിയില്ലാതെ കഷ്ടപ്പെട്ട സാധാരണക്കാരുടെ തലയിലേക്ക് നികുതി ഭാരം അടിച്ചേൽപിച്ച്, നികുതികൊള്ള നടത്തി, നികുതി ഭീകരത കേരളത്തിൽ നടപ്പാക്കുന്ന ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനം ഈ പിണറായി ഭരിക്കുന്ന കേരള സർക്കാരാണ് എന്ന് പറയുന്നതിൽ തനിക്ക് ദുഖമുണ്ടെന്നും സതീശൻ പറഞ്ഞു. കഴിഞ്ഞ ബജറ്റിൽ 5000 കോടി രൂപയുടെ നികുതി ഭാരമാണ് കെട്ടിവെച്ചത്. പിന്നീട് വെള്ളക്കരം വർദ്ധിപ്പിച്ചു. വൈദ്യുതി ചാർജ് കൂട്ടി. വീണ്ടും വൈദ്യുതി ചാർജ് കൂട്ടാൻ പോകുന്നുവെന്നും സതീശൻ വിമർശിച്ചു.