കെ.വി തോമസിന് ലക്ഷങ്ങൾ നൽകുന്നത് ഏത് വകയിൽ ? : വി.മുരളീധരൻ
വേണ്ടപ്പെട്ടവരുടെ വിശ്രമജീവിതം സന്തോഷകരമാക്കാൻ ജനങ്ങളെ പിഴിഞ്ഞ് പണം ധൂർത്തടിക്കുകയാണ് പിണറായി വിജയനെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി.തോമസിന് ശമ്പളത്തിനും അലവൻസുകൾക്കും പകരം പ്രതിമാസം ഒരുലക്ഷം ഓണറേറിയം അനുവദിക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കേന്ദ്രസർക്കാരിനോട് സംസ്ഥാനത്തിന്റെ ആവശ്യം കത്തിടപാടുകളിലൂടെ ബോധ്യപ്പെടുത്താൻ അനവധി ഐഎഎസ് ഉദ്യോഗസ്ഥരുണ്ട്. അവരെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും വി.മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യുതി, വെള്ളം എല്ലാത്തിലും നികുതി ചുമത്തി ജനങ്ങളെ പിഴിഞ്ഞാണ് ഈ വക ധൂർത്തെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.
ജനങ്ങളെ കബളിപ്പിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. പാവങ്ങളെ കുരുതിക്കൊടുത്താണ് പിണറായി വിജയന്റെ ഭരണം. തിരുവന്തപുരത്ത് തീ പിടുത്തം അണക്കുന്നതിനിടെ ഫയർഫോഴ്സ് ജീവനക്കാരൻ മരിച്ച സംഭവത്തിലും അനാസ്ഥ പുറത്തുവന്നു. കെട്ടിടത്തിന് ഫയർഫോഴ്സ് അനുമതി ഉണ്ടായിരുന്നില്ല എന്ന് മേധാവി തന്നെ പറഞ്ഞു. ആദ്യ തീപിടുത്തം തീവെട്ടിക്കൊള്ളയുടെ രേഖകൾ നശിപ്പിക്കാനായിരുന്നു എന്ന ആരോപണം ഇപ്പോഴും നിലവിലുണ്ട്. കേരളത്തിലെ ജനങ്ങൾക്ക് അബദ്ധം പറ്റിയതാണെന്നും അത് അവർ തിരുത്തുന്ന കാലം ദൂരത്തല്ലെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പ്രതിപക്ഷം സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവാദങ്ങളല്ല ആവശ്യമെന്നും ചെങ്കോൽ അധികാരത്തിനപ്പുറം നീതിനിർവഹണത്തിന്റെ പ്രതീകമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.