ശാസ്താംകോട്ട കായലിന്റെ പുനരുദ്ധാരണം ഒരു കോടി അനുവദിച്ചതായി മന്ത്രി റോഷി
തിരുവനന്തപുരം: കുന്നത്തൂര്‍ മണ്ഡലത്തിലെ ശാസ്താംകോട്ട കായലിന്റെ പുനരുദ്ധാരണത്തിനായി ഒരു കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. പ്രത്യേക അനുമതി നല്‍കിയാണ് ഇതിനായി പണം അനുവദിച്ചിരിക്കുന്നത്. കോവൂര്‍ കുഞ്ഞുമോന് എംഎല്‍എയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് മന്ത്രി ഇടപെട്ട് തുക അനുവദിക്കുകയായിരുന്നു.
ശാസ്താംകോട്ട ശുദ്ധജല തടാകത്തിന്റെ സ്വാഭാവിക നീരുറവയെ ബാധിക്കുംവിധം ചെളി അടിഞ്ഞുകൂടിയതായും ആഴം കുറഞ്ഞതായും ഹൈഡ്രോളജി വിഭാഗം കണ്ടെത്തിയിരുന്നു. ബാത്തിമെട്രിക് സര്‍വേയിലാണ് തടാകത്തിന്റെ മിക്ക ഭാഗങ്ങളിലും വലിയതോതില്‍ ചെളി അടിഞ്ഞതായി കണ്ടെത്തിയത്.
ഇതുമൂലം ശരാശരി ആഴം 15 മീറ്ററായി കുറഞ്ഞു. നീരുറവകള്‍ നശിച്ചതാണ് വേനല്‍ക്കാലത്ത് ജലനിരപ്പ് വലിയതോതില്‍ താഴുന്നതിന് കാരണം. നേരത്തെ നീരുറവകള്‍ വഴി തടാകത്തിലേക്ക് വന്‍തോതില്‍ വെള്ളം ഒഴുകിയെത്തിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് അടിയന്തരമായി തടാകം വൃത്തിയാക്കുന്നതിന് ഫണ്ട് അനുവദിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു.