കേരള വനിതാ കമ്മിഷൻ ജാഗ്രതാസമിതി പരിശീലനങ്ങൾക്ക് തുടക്കമായി
വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനതലങ്ങളിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ജാഗ്രതാസമിതി അംഗങ്ങൾക്ക് കേരള വനിതാ കമ്മിഷൻ നൽകുന്ന പരിശീലനങ്ങൾക്ക് തുടക്കമായി. തിരുവനന്തപുരം മണമ്പൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച പരിശീലന പരിപാടി കേരള വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി.സതീദേവി ഉദ്ഘാടനം ചെയ്തു. അതോടൊപ്പം മണമ്പൂർ ഗ്രാമപഞ്ചായത്ത് ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ സ്ത്രീകളുടെ സുരക്ഷക്കായി ആരംഭിച്ച പുതിയ ഹെല്പ് ലൈൻ നമ്പറിന്റെ പ്രകാശനവും അഡ്വ. പി.സതീദേവി നിർവഹിച്ചു.
മന്ത്രവാദം പോലുള്ള ദുരചാരങ്ങളുടെ പേരിൽ സ്ത്രീകളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന രീതിയിലുള്ള സംഭവങ്ങളും ഈ അടുത്തകാലത്തായി വർധിച്ചുവരുന്നുണ്ടെന്ന് അഡ്വ.പി.സതീദേവി പറഞ്ഞു. വയനാട് ജില്ലയിൽ മന്ത്രവാദത്തിന്റെ പേരിൽ 19 വയസുമാത്രം പ്രായമുള്ള യുവതിയെ ഭർതൃവീട്ടിൽ വെച്ച് ഉപദ്രവിച്ചതായുള്ള വാർത്ത ഞെട്ടിപ്പിക്കുന്നതാണ്.
ഇതിനു തടയിടാൻ ജാഗ്രതാസമിതികൾ ഉണർന്നുപ്രവർത്തിക്കണമെന്നും അഡ്വ. പി.സതീദേവി പറഞ്ഞു.ഗാർഹിക ചുറ്റുപാടുകളിലും പൊതു ഇടങ്ങളിലും തൊഴിലിടങ്ങളിലും യാത്രചെയ്യുന്ന വേളകളിലും എല്ലാം തന്നെ സ്ത്രീകൾക്ക് ഒട്ടനവധി മോശം സാഹചര്യങ്ങളെ തരണം ചെയ്യേണ്ടതായി വരുന്നു.ജാഗ്രതാസമിതികളുടെ പ്രവർത്തനം ശക്തിപ്പെട്ടാൽ മാത്രമേ പ്രതിരോധം സാധിക്കുകയുള്ളൂ എന്നും വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി പറഞ്ഞു.ആദ്യമായാണ് ഒരു പഞ്ചായത്ത് ജാഗ്രതാ സമിതിയിൽ സ്ത്രീകളുടെ സുരക്ഷ മുൻ നിർത്തിക്കൊണ്ട് അവരുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടാൻ വേണ്ടി ഒരു ഹെൽപ്പ് ലൈൻ നമ്പർ നിലവിൽ വരുന്നത്. ഈ ഹെൽപ്പ് ലൈൻ നമ്പർ പൊതു ഇടങ്ങളെല്ലാം തന്നെ പോസ്റ്റർ ക്യാമ്പയിനായി ഏറ്റെടുക്കാനാണ് മണമ്പൂർ ഗ്രാമപഞ്ചായത്തിലെ ജാഗ്രതാ സമിതി തീരുമാനിച്ചിരിക്കുന്നത്.
ഈ സാമ്പത്തിക വർഷം 144 ജാഗ്രതാ സമിതി പരിശീലന പരിപാടികളാണ് സംസ്ഥാനത്തുടനീളം കേരള വനിതാ കമ്മിഷൻ സംഘടിപ്പിക്കുന്നത്. അതോടൊപ്പം മികച്ച മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ഗ്രാമപഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ജാഗ്രതാ സമിതികൾക്ക് 50,000 രൂപയുടെ പുരസ്കാരവും നൽകും.