മണിപ്പൂരിൽ നടക്കുന്നത് വംശഹത്യയാണോ ? കേന്ദ്രത്തിനെതിരെ ബിഷപ് മാർ ജോസഫ് പാംപ്ലാനി
റബർ താങ്ങുവില കിലോഗ്രാമിനു 300 രൂപയാക്കിയാൽ ബിജെപിക്കു മലയോര കർഷകർ പിന്തുണ നൽകുമെന്നു പറഞ്ഞു വിവാദ നായകനായ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിക്ക് ഇപ്പോഴാണ് യഥാർത്ഥ ബി ജെ പിയുടെ മുഖം മനസിലായത്. മണിപ്പൂരിൽ സംഘർഷം തുടരുകയും പള്ളികൾ ആക്രമിക്കുകയും ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു ബിഷപ്പ് ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. . മണിപ്പുരിലേത് വംശഹത്യയായി മാറുന്നു എന്ന് ആശങ്ക പ്രകടിപ്പിച്ച ബിഷപ്പ്, സംഘർഷത്തെ 2002-ലെ ഗുജറാത്ത് കലാപവുമായി താരതമ്യം ചെയ്തു. മണിപ്പുർ കലാപം അടിച്ചമർത്തുന്നതിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഒരുപോലെ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.’കലാപം അടിച്ചമർത്തുന്നതിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഒരുപോലെ പരാജയപ്പെട്ടു. ഭാരതത്തിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത തരത്തിൽ മണിപ്പുരിലേത് വംശഹത്യയായി പരിണമിക്കുന്നു. ഗുജറാത്തിൽ വർഷങ്ങൾക്ക് മുമ്പ് നടന്ന കലാപത്തിന്റെ മറ്റൊരു പതിപ്പായി മണിപ്പുരിലെ അവസ്ഥമാറിയിരിക്കുന്നു. വളരേ ആസൂത്രിതമായ കലാപനീക്കം നടന്നിട്ടുണ്ട്. അതിന് പിന്നിലുള്ളവരെ സർക്കാർ സംരക്ഷിക്കുന്നുവെന്ന ആശങ്ക പൊതുസമൂഹത്തിന് സ്വാഭാവികമായുണ്ടാവും’, മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.