മണിപ്പൂർ കലാപം : സമാധാനത്തിനാണ് ആദ്യ പരിഗണന നൽകേണ്ടത് എന്ന് രാഹുൽ ഗാന്ധി
മണിപ്പൂരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തുന്നത് സമാധാന യാത്രയല്ല രാഷ്ട്രീയ മുതലെടുപ്പാണെന്നും, രാഹുൽ സമാധാനത്തിന്റെ മിശിഹായല്ല എന്നുമൊക്കെ പരിഹസിച്ച ബി ജെ പി സത്യത്തിൽ ഞെട്ടിപ്പോയി ഏന് വേണമെങ്കിൽ പറയാം. ഇതിനു മറുപടിയായി രാഹുൽ പറഞ്ഞതിങ്ങനെ. ‘മണിപ്പുരിൽ തടഞ്ഞത് ദൗർഭാഗ്യകരമാണ്. മണിപ്പുരിലെ സഹോദരീസഹോദരൻമാരെ കാണാനും കേൾക്കാനുമാണു വന്നത്. സമാധാനത്തിനാണ് ആദ്യ പരിഗണന നൽകേണ്ടത്.’ എന്നാണ്.മണിപ്പുരിൽ രാഹുൽഗാന്ധി എത്തിയതിനെ കുക്കി, മെയ്തെയ് വിഭാഗങ്ങൾ അദ്ദേഹത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. എന്നാൽ മെയ്തെയ്കളിലെ തീവ്രവിഭാഗം രാഹുലിന്റെ സന്ദർശനത്തിന് എതിരാണ്.
രാഹുൽ ഗാന്ധി ഇന്ന് മൊയ്രാങ്ങിലെ ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ചു. ഇന്നു രാവിലെ ഇംഫാലിൽനിന്ന് ഹെലികോപ്റ്ററിലാണ് മൊയ്രാങ്ങിലെത്തിയത്. നേരത്തെ റോഡ് മാർഗം പോകാനായിരുന്നു പദ്ധതിയെങ്കിലും സുരക്ഷ കണക്കിലെടുത്ത് യാത്ര ഹെലികോപ്റ്ററിലാക്കി. തന്റേത് രാഷ്ട്രീയ യാത്രയല്ലെന്നും സമാധാനയാത്രയാണെന്നും രാഹുൽ പറഞ്ഞു. മഴയായിട്ടും ആയിരക്കണക്കിനു മെയ്തെയ് സ്ത്രീകളാണ് രാഹുലിലെ സ്വീകരിക്കാൻ കാത്തുനിന്നത്. കുക്കി ഭൂരിപക്ഷപ്രദേശമായ ചുരാചന്ദ്പുരിൽ കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെ എത്തിയ രാഹുൽ ദുരിതാശ്വാസ ക്യാംപിലെത്തി അന്തേവാസികളെ കണ്ടു. അവിടെ കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ച അദ്ദേഹത്തിനു മുൻപിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കലാപത്തിൽ സംഭവിച്ചത് വിവരിച്ചു. കലാപത്തിൽ കൊല്ലപ്പെട്ട 120ൽ പരം ഗോത്രവിഭാഗക്കാരുടെ കുടുംബാംഗങ്ങൾ രാഹുലിനെ കാണാനെത്തിയിരുന്നു.