പുതുപ്പള്ളിക്കാർക്ക് കുഞ്ഞൂഞ്ഞ് ആരായിരുന്നു ?
കേരള രാഷ്ട്രീയത്തിലെ പകരംവക്കാനാവാത്ത ജനനായകനായിരുന്നു ഉമ്മൻ ചാണ്ടി എന്ന കരുത്തുറ്റ രാഷ്ട്രീയ നേതാവ്. ജനങ്ങൾക്കിടയിൽ ജീവിച്ച അദ്ദേഹം ജനഹൃദയങ്ങളിൽ എന്നും സൂര്യതേജസ്സോടെ കത്തിജ്വലിക്കുമെന്നുറപ്പാണ്. പുതുപ്പള്ളിയുടെ മണ്ണിൽ നിന്ന് കേരളരാഷ്ട്രീയത്തിലേക്ക് പടർന്നു പന്തലിച്ച മഹാവൃക്ഷമായിരുന്നു അദ്ദേഹം….ആൾക്കൂട്ടത്തെ ആഘോഷമാക്കിയ നേതാവ്. അരനൂറ്റാണ്ടിലധികം നിയമസഭാസാമാജികനായിരുന്നതിന്റെ റെക്കോർഡും ഉമ്മൻചാണ്ടി എന്ന നേതാവിന് സ്വന്തം. പാറിപ്പറന്ന മുടിയും വ്യത്യസ്തമായ ശബ്ദശൈലിയും ഈ പുതുപ്പള്ളിക്കാരനെ വേറിട്ടതാക്കിയിരുന്നു. കേരള വിദ്യാർത്ഥി യൂണിയന്റെ തലപ്പത്തും യൂത്ത് കോൺഗ്രസിന്റെ അമരക്കാരനുമായി നടന്നു കയറിയ ഉമ്മൻചാണ്ടി 27 ആം വയസ്സിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ എംഎൽഎ ആയാണ് തുടക്കം കുറിക്കുന്നത്. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. രണ്ടു തവണയായി ഏഴുവർഷം കേരളമുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമാണ് അദ്ദേഹം.
1970 മുതൽ ഇന്നോളം വരെ പുതുപ്പള്ളിക്കാരുടെ ജനനായകൻ എന്നും ഉമ്മൻചാണ്ടി തന്നെയായിരുന്നു. അത്രമേൽ ദൃഡമാണ് പുതുപ്പള്ളിയും ഉമ്മൻചാണ്ടിയും തമ്മിലുള്ള ബന്ധം. പുതുപ്പള്ളിയിലെ കാരോട്ട് വള്ളക്കാലിൽ വീട്ടിൽ ഉമ്മൻചാണ്ടിയുണ്ടെന്നറിഞ്ഞാൽ രാവിലെ തന്നെ ആ വീട്ടുമുറ്റത്തെത്തുന്നത് ജനജാഗരമായിരുന്നു. അവരുടെ പ്രശ്നങ്ങൾ ശ്രദ്ധയോടെ കേട്ട് പരിഹരിക്കുന്ന ജനനായകൻ വിടവാങ്ങിയപ്പോൾ ഇന്ന് രാവിലെ ആ വീട്ടുമുറ്റത്തേക്ക് ഇരമ്പിയെത്തിയ ജനസാഗരങ്ങൾ കണ്ണീരൊപ്പുകയായിരുന്നു.. അത്രമേൽ ഹൃദയബേധകമായിരുന്നു അവർക്ക് ആ വിയോഗവാർത്ത… ആ വീട്ടുമുറ്റത്തേക്ക് ഓടിയെത്തിയ ഓരോരുത്തർക്കും പറയാനുണ്ടാകും സ്നേഹം നൽകിയ ചാണ്ടി ഓർമകൾ… രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചു കയറ്റിയ ഉമ്മൻ കരങ്ങൾ ഇനിയുണ്ടാകില്ലെന്ന് അവരിൽ പലർക്കും അവിശ്വസീയമാണ്…. വിയോഗത്തിന്റെ തീരാനോവിൽ വിതുമ്പുമ്പോഴും പ്രതിസന്ധിഘട്ടങ്ങളിൽ കൈത്തായ ഉമ്മൻ ചാണ്ടി എന്ന മനുഷ്യനെ കുറിച്ചവർ വാചാലമാവുകയായിരുന്നു…
കഴിഞ്ഞ അരനൂറ്റാണ്ട് തുടർച്ചയായി നിയമസഭയിലേക്കയച്ച പുതുപ്പള്ളിക്കാർക്ക് മാത്രമല്ല, ജില്ലയിലെ എല്ലാ ഭാഗത്തുമുള്ളവർക്കും ഉമ്മൻ ചാണ്ടിയുമായി ആത്മബന്ധമുണ്ടായിരുന്നു. നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ ജനങ്ങളുടെ പരാതികൾ കേട്ടു നടന്ന ജനസമ്പർക്ക ദിനങ്ങളും അവർ മറക്കാനാവില്ല. ലോകം പിടിച്ചുകുലുക്കിയ മഹാവ്യാധി കോവിഡ് കാലത്തും തന്റെ ആരോഗ്യപ്രശ്നങ്ങൾ പോലും വകവയ്ക്കാതെ, ജനങ്ങളുടെ പരാതികൾ കേട്ട ജനനേതാവിനെ എങ്ങനെ മറക്കാൻ കഴിയും…
ഏതു പാതിരാത്രിയിലും എന്ത് ആവശ്യത്തിനും ഓടിയെത്തിയിുരുന്ന ഉമ്മന്‍ചാണ്ടി പുതുപ്പളളിക്കാര്‍ക്ക് എന്നും പ്രിയപ്പെട്ടവനായിരുന്നു…ലോകത്തെവിടെയാണെങ്കിലും ഞായറാഴ്ചയെന്നൊരു ദിവസമുണ്ടെങ്കില്‍ കുഞ്ഞൂഞ്ഞ് കാരോട്ട് വളപ്പിലെ വീട്ടിലുണ്ടാകുമെന്നും എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുമെന്നുമുളള ഉറപ്പിലായിരുന്നു ശരാശരി പുതുപ്പളളിക്കാരന്റെ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടു കാലത്തെ ജീവിതവും. അതുകൊണ്ടു തന്നെയാണ് 1970 നും നും 2021നുമിടയിലെ തിരഞ്ഞെടുപ്പുകളിലെല്ലാം എതിരാളികള്‍ മാറി മാറി മാറി വന്നിട്ടും ഉമ്മന്‍ചാണ്ടിയല്ലാതൊരു പേര് പുതുപ്പളളിക്കാരുടെ മനസിലേക്കു കയറാതിരുന്നതും. അതോടൊപ്പം പുതുപ്പളളിയല്ലാതൊരു സുരക്ഷിത മണ്ഡലത്തെ കുറിച്ച് ഉമ്മന്‍ചാണ്ടി ആലോചിക്കാതിരുന്നതും. രാഷ്ട്രീയമായി വേട്ടയാടലുകൾ തുടരെ തുടരെ ഉണ്ടായെങ്കിലും അതിലൊന്നും പതറാതെ നിലപാടുകളിൽ ഉറച്ചു നിന്നൊരു വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പ്രഗത്ഭനേതൃത്വത്തിന്റെ ഈ വേര്‍പാട് ജനാധിപത്യ സമൂഹത്തിന് തീരാനഷ്ടമാണെന്നും തികഞ്ഞ സമചിത്തതയോടെ പ്രശ്നങ്ങളെ സമീപിച്ചിരുന്ന അദ്ദേഹത്തിന്റെ ക്രൈസസ് മാനേജ്മെന്റ് രീതി പൊതുപ്രവര്‍ത്തനത്തില്‍ അനുകരണിയമാണെന്നുംമാണ് രാഷ്ട്രീയ നേതാക്കളടക്കം അദ്ദേഹത്തെ അനുസ്മരിക്കുന്നത്.