സുരേന്ദ്രനും മുരളീധരനുമെതിരെ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രൻ.. കേരളാ ബിജെപിയിൽ ഉടൻ പൊട്ടിത്തറി
ബിജെപി എന്റെ കൂടി പാർട്ടിയാണ് തന്നെ പുറത്താക്കാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനുവെച്ച വെള്ളം വാങ്ങി വയ്ക്കണമെന്നാണ് കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. മുന്നോട്ടുള്ള വഴിയില്‍ ആരെങ്കിലും തടസ്സം സൃഷ്ടിച്ചാല്‍ അത് എടുത്തുമാറ്റി മുന്നോട്ടുപോകാന്‍ അറിയാമെന്നും അവർ പറയുകയുണ്ടായി. അതെ… പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ ശക്തമായി വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശോഭാസുരേന്ദ്രൻ. തനിക്ക് അവസരം നൽകുന്നതിനെ ചൊല്ലി പാർട്ടിയുടെ വാട്സപ്പ് ഗ്രൂപ്പിൽ നടക്കുന്ന തർക്കമാണ് ശോഭാ സുരേന്ദ്രനെ ഈ വെല്ലുവിളിയിലേക്ക് എത്തിച്ചത്. മൈതാനത്ത് കളിക്കുന്ന കുട്ടികളെ ഉപയോഗിച്ച് തനിക്കെതിരെ പ്രചരണം നടത്തുന്നു എന്നാണ് വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തെക്കുറിച്ച് ശോഭാ സുരേന്ദ്രൻ പറഞ്ഞത്… ഇത്ര ശക്തമായി ശോഭാ സുരേന്ദ്രൻ വെല്ലുവിളിക്കണമെങ്കിൽ അത്ര ചില്ലറക്കാരിയല്ല ശോഭ എന്നല്ലെ അത് സൂചിപ്പിക്കുന്നത് ? സംഘടനയെയും മുതിർന്ന നേതാക്കളേയും പരസ്യമായി വിമർശിക്കുന്ന വ്യക്തിയെ എന്തിന് പരിപാടികൾക്ക് വിളിക്കുന്നു എന്നായിരുന്നു ശോഭാ സുരേന്ദ്രനെതിരെ ഉയർന്ന വിമർശനം. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനേയും കേന്ദ്രസഹമന്ത്രി വി മുരളീധരനേയും അനകൂലിക്കുന്നവരാണ് എതിർപ്പ് ഉന്നയിച്ചത്.അതായത് കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും ശോഭയെ ഭയക്കുന്നുണ്ടോ എന്നു സംശയവും പറയാതിരിക്കാനാവില്ല…കാരണം ഇവർക്കെതിരെ ചില ആയുധങ്ങൾ ശോഭാ സുരേന്ദ്രന്റെ കൈയ്യിലുണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്… അതുകൊണ്ടാകാം ഒരു പക്ഷെ ഈ വിഷയത്തിൽ ഇരുവരും പ്രതികരിക്കാത്തതും..
ബിജെപിയിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാകുന്നെന്ന് കഴിഞ്ഞ ദിവസങ്ങളിൽ അടക്കം വാർത്തകൾ പുറ്തതുവന്നിരുന്നു. എന്നാൽ അത് കൂടുതലായും കോഴിക്കോട് കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നാണ് മറ്റൊരു വ്സ്തവം. ഔദ്യോഗിക നേതൃത്വത്തിന്റെ എതിർപ്പ് അവഗണിച്ചായിരുന്നു ശോഭാ സുരേന്ദ്രനെ കോഴിക്കോട്ടെ പാർട്ടി പരുപാടികളിൽ പങ്കെടുപ്പിച്ചിരുന്നത്. പി കെ കൃഷ്ണദാസിന് മുൻതൂക്കമുള്ള ജില്ലയാണ് കോഴിക്കോട്. അതുകൊണ്ടു തന്നെ പി. കെ കൃഷ്ണദാസും ശോഭാ സുരേന്ദ്രനും ഒന്നിച്ചാണ് പ്രവർത്തിക്കുന്നതെന്ന ആരോപണവും ഉയർന്നുവരുന്നുണ്ട്.
കഴിഞ്ഞമാസം 21നാണ് യുവമോർച്ച കോഴിക്കോട് മുൻ ജില്ലാ പ്രസിന്റ് കെ കെ രാജൻ അന്തരിച്ചത്. കുടുംബാംഗങ്ങളെ സഹായിക്കാനായി ബിജെപി സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിൽ കെ കെ രാജൻ സൗഹൃദ കൂട്ടായമ എന്ന വാട്സ് ആപ് ഗ്രൂപ്പ് വഴി ഫണ്ട് ശേഖരണവും തുടങ്ങി. ഇതിലേക്കാണ് കൊടകര കുഴൽപ്പണകേസിലെ മുഖ്യപ്രതി ധർമ്മജൻ 50,000 രൂപ സംഭവാന നൽകിയത്. ഇതോടെയാണ് പി കെ കൃഷ്ണദാസ് ഉൾപ്പെടെയുള്ള ഒരുവിഭാഗം നേതാക്കളും പ്രവർത്തകരും ഗ്രൂപ്പിൽ നിന്ന് സ്വമേധയാ പുറത്തുപോയത്. ബിജെപിയുമായി അടുത്തു നിന്ന വ്യക്തിയാണ് ധർമ്മരാജൻ. എന്നാൽ കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ധർമ്മരാജനെ അകറ്റി നിർത്തുകയായിരുന്നു. കുടുംബസഹായ നിധിയുടെ പേരിൽ ഔദ്യോഗിക പക്ഷം ധർമ്മരാജനിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്നാണ് ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നത്. പാർട്ടിയെ പ്രതിസന്ധിയിലാക്കിയ കൊടകര സംഭവത്തിലെ പ്രതിയിൽ നിന്ന് പണം വാങ്ങിയത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്ന വിമർശനത്തോടെയാണ് ഇവർ ഗ്രൂപ്പിൽ നിന്ന് പുറത്തുവന്നത്. തുടർന്ന് ഇവർ സ്വന്തം നിലയിൽ ഫണ്ട് സ്വരൂപിച്ച് മൂന്നുലക്ഷം രൂപ ജൂൺ 28ന് രാജന്റെ കുടുംബത്തിന് കൈമാറുകയായിരുന്നു.
സംഘടനയുടെ അച്ചടക്കം പാലിക്കുന്നവർക്ക് ശോഭ സുരേന്ദ്രനെ അംഗീകരിക്കാനാവില്ലെന്നും പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന നേതാക്കളെ എന്തിന് കൊണ്ടുനടക്കണമെന്നുമാണ് സുരേന്ദ്രൻ പക്ഷത്തുള്ളവർ ആവശ്യപ്പെടുന്നത്. എതിരാളികള്‍ക്ക് അടിക്കാനുള്ള വടികൊടുക്കുകയും പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുകയും ചെയ്യുന്ന നേതാക്കളെ നാം എന്തിന് കൊണ്ടുനടക്കണം.. എന്നിങ്ങനെയാണ് ശോഭ പങ്കെടുക്കുന്ന പരിപാടിയുടെ സന്ദേശത്തോടുള്ള പ്രതികരണമായി ഗ്രൂപ്പില്‍ വന്ന വിമര്‍ശനങ്ങള്‍. എന്തൊക്കെയായാലും തന്നെ എതിർക്കുന്നവരെ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ് ഇപ്പോൾ ശോഭാ സുരേന്ദ്രൻ.