മാളികപ്പുറം സിനിമയെ ജൂറി മനപ്പൂർവം തഴഞ്ഞോ ? ദേവ നന്ദയുടെ അഭിനയത്തിനെന്താണ് കുഴപ്പം ?
53 ാ മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു മണിക്കൂറുകൾ പിന്നിട്ടു. എന്നാൽ പുരസ്കാരങ്ങൾ പ്രഖ്യപിച്ചതിന് പിന്നാലെ മികച്ച ബാലനടിക്കുള്ള അവാർഡിനെ ചൊല്ലി വിഭിന്ന അഭിപ്രായങ്ങളാണ് ഇപ്പോൾ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നത്. വഴക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് തന്മയ സോളിനാണ് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ചത്. മാളികപ്പുറം സിനിമയിൽ കല്ലു എന്ന കഥാപാത്രമായി എത്തിയ ദേവന്ദയ്ക്ക് ജൂറി പരാമർശം പോലും ലഭിച്ചില്ലെന്നാണ് ചർച്ചകൾ. ഇപ്പോഴിതാ സിനിമാ സീരിയൽ നടനായ ശരദാസാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനമുന്നയിച്ചത്.. എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ. എന്തായാലും കോടിക്കണക്കിന് മലയാളികളുടേയും എന്റേയും, മനസ്സുകൊണ്ടും, ഹൃദയംകൊണ്ടും നിനക്ക് എപ്പോഴേ അവാർഡ് തന്നു കഴിഞ്ഞു മോളെ…എന്നാണ് ശരത്ദാസ് ഫേസ് ബുക്കിൽ കുറിച്ചത്. അതുമാത്രല്ല നിരവധിപേരാണ് ഇതിനെ അനുകൂലിച്ച് രംഗത്തെത്തിയത്.
ഇതോടൊപ്പം തന്നെ മറ്റൊരു തരത്തിലും വിഷയം ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡാണ് അതായത് അയ്യപ്പനെന്നും ശബരിമലയെന്നും മാത്രം കേട്ടാൽ പുരോഗമനം സട കുടഞ്ഞെടുക്കുന്ന കേരളസർക്കാരിന്റെ അവാർഡെന്ന തരത്തിലുള്ള വിമർശനങ്ങളും ഉയർന്നു വരുന്നുണ്ട്. അതായത് ശബരിമല പശ്ചാത്തലമായി ഒരുക്കിയ സിനിമ ആയതിനാലാണ് സിനിമയ്ക്ക് പുരസ്കാരം നിഷേധിച്ചത് എന്നാണ് വിമർശനം. രാഷ്ട്രീയമായ ചരടുവലികൾ അവാർഡ് നിർണ്ണയത്തിൽ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് പല കോണുകളിൽ നിന്നുള്ള അഭിപ്രായങ്ങൾ. ഒരു എട്ട് വയസ്സുകാരി കുട്ടിക്ക് ഇത്രയും മനോഹരമായും അസാധ്യമായും തന്മയത്തത്തോടെ അഭിനയിക്കാൻ കഴിയുമോ എന്ന് അത്ഭുതത്തോടെയാണ് ഓരോ മലയാളിയും ദേവനന്ദയുടെ പ്രകടനത്തെ നോക്കിക്കണ്ടത്. ദേവനന്ദയുടെ പ്രകടനം സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി കാണാതെ പോയത് രാഷ്ട്രീയം കൊണ്ടാണെന്നും ഒരു വിഭാഗം ആൾക്കാർ പ്രതികരിക്കുന്നുണ്ട്.
മലയാളസിനിമയിൽ ഏറെക്കാലത്തിന് ശേഷം ഇറങ്ങിയ ജനപ്രിയ ചിത്രങ്ങളിൽ ഒന്നായിരുന്നു മാളികപ്പുറം. 2022 ലെ നൂറുകോടി ക്ലബ്ബിൽ ചരിത്രം നേടിയ ചിത്രം കൂടിയാണ് മാളികപ്പുറം.വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ ഉണ്ണി മുകുന്ദനായിരുന്നു പ്രധാനകഥാപാത്രമായെത്തിയത്. തിയ്യേറ്റുകളിൽ മികച്ച വിജയം നേടിയ ചിത്രത്തിലെ കല്ലു എന്ന കഥാപാത്രമായെത്തിയ ദേവനന്ദയെയും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ദേവനന്ദയ്ക്ക് മാളികപ്പുറം സിനിമയ്ക്കും പുരസ്കാരങ്ങൾ ഒന്നും തന്നെ ലഭിക്കാത്തതിൽ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്. വിഷയത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റും മുന്നോട്ട് വന്നു. സംസ്ഥാന ചലച്ചിത്ര അവാർഡില് മാളികപ്പുറം സിനിമയെയും അതിൽ അഭിനയിച്ച ദേവനന്ദ എന്ന കുട്ടിയെയും ജൂറി തഴഞ്ഞെന്നാണ് സന്തോഷ് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടേ പ്രതികരിച്ചത്. അവാർഡ് ലഭിച്ചില്ലെങ്കിലും തന്റെ മനസ്സിൽ മികച്ച ബാലതാരം ദേവനന്ദയാണെന്നും മികച്ച ചിത്രം മാളികപ്പുറമാണെന്നുമാണ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്.. കൂടുതൽ ജനങ്ങളുടെ പ്രീതിയാണ് ജനപ്രീതി. കൊച്ചു കുട്ടികൾ പോലും തകർത്തഭിനയിച്ച ചിത്രം ആയിരുന്നു “മാളികപ്പുറം”..അതിനുള്ള അവാർഡ് ജനങ്ങൾ അപ്പോഴേ തിയറ്ററുകളിൽ നൽകി കഴിഞ്ഞു..വർത്തമാന കേരളത്തിൽ ഈ സിനിമയ്ക്കോ ഇതിലെ അഭിനേതാക്കൾക്കോ ഒരു അവാർഡ് നിങ്ങൾ ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ ? എന്നും അദ്ദേഹം ചോദിക്കുന്നു.. എന്നിരുന്നാലും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ എല്ലാവരെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
പുരസ്കാര നിർണ്ണയത്തിൽ ജൂറി സ്വീകരിച്ച മാനദണ്ഡങ്ങൾ പലതാകും.. എന്തായാലും രാഷ്ട്രീയം കലർന്നിട്ടുണ്ടാവില്ല എന്ന് നമുക്ക് വിശ്വസിക്കാം.. കാരണം കലയിൽ രാഷ്ട്രീയം കലരുമ്പോൾ നഷ്ടമാവുന്നത് നല്ല കലാകാരനും കലാസൃഷ്ടിക്കും ലഭിക്കേണ്ട ആരവങ്ങളാണ്.. എന്തൊക്കെയായാലും നല്ല കലയും കലാസൃഷ്ടിയും ജനഹൃദയങ്ങളിൽ ആയിരം പുരസ്കാരങ്ങൾക്ക് അർഹമാണെന്ന് ഉറപ്പാണ്.