കെ മാധവൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
രാജ്യത്തെ വിനോദ, വാർത്താ ചാനലുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബ്രോഡ് കാസ്റ്റിംഗ് ആൻറ് ഡിജിറ്റൽ ഫൗണ്ടേഷൻ , ഐബിഡിഎഫിൻറെ അദ്ധ്യക്ഷനും ഡിസ്നി ഹോട്ട് സ്റ്റാർ ഇന്ത്യ പ്രസിഡൻറുമായ കെ മാധവൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ സംപ്രേക്ഷണ രംഗവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ കെ മാധവൻ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. സംപ്രേക്ഷണ മേഖലയുടെ സമഗ്ര വികസനത്തിന് ഒരു ദേശീയ മാധ്യമ, വിനോദ നയത്തിന് രൂപം നല്കണമെന്ന് കെ മാധവൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. ദേശീയ നയം വരുന്നത് മാധ്യമങ്ങൾക്കും നിയന്ത്രണ ഏജൻസികൾക്കും വ്യക്തത നല്കുമെന്നും കെ മാധവൻ ചൂണ്ടിക്കാട്ടി. ഇതിനായി ഐബിഡിഎഫ് തയ്യാറാക്കിയ നിർദ്ദേശങ്ങളും കെ മാധവൻ പ്രധാനമന്ത്രിയെ അറിയിച്ചു. ക്രിക്കറ്റിനു ശേഷം രാജ്യത്ത് കബഡി ഏറെ പ്രചാരമുള്ള കായിക ഇനമായി മാറുന്നതിന് കെ മാധവൻറെ നേതൃത്വത്തിലുള്ള സ്റ്റാർ സ്പോർട്ട്സ് കൈക്കൊണ്ട നടപടികൾ പ്രധാനമന്ത്രി പരാമർശിച്ചു. ഇതേ മാതൃകയിൽ മറ്റു കായിക ഇനങ്ങളുടെ വികസനം സാധ്യമാക്കുന്നതും കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായി.