മുട്ടിലിൽ യഥാർത്ഥത്തിൽ നടന്നത് ഇതാണോ ? ഭൂവുടമകൾ വെളിപ്പെടുത്തുന്നു
കേരളത്തിൽ ഏറെ വിവാദമുണ്ടാക്കിയ കേസാണ് മുട്ടിൽ മരംമുറി കേസ്. ഇപ്പോഴിതാ മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളുടെ തട്ടിപ്പ് കഥകൾ ശരിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഭൂവുടമകൾ. പട്ടയ ഭൂമിയിൽ നട്ടുവളർത്തിയതും വളർന്നുവന്നതുമായ മരങ്ങള്‍ ഭൂഉടമകള്‍ക്ക് മുറിച്ച് മാറ്റാൻ സർക്കാർ ഇറക്കിയ ഉത്തരവിന്റെ മറവിലായിരുന്നു വയനാട്ടിലെ വൻ മരംകൊള്ള. മുട്ടിലാണ് ആദിവാസി ഭൂമിയിൽ നിന്നുപോലും അഗസ്റ്റിൻ സഹോദരങ്ങള്‍ 104 മരങ്ങള്‍ മുറിച്ചു കടത്തിയത്. അനുമതിയുണ്ടെന്ന് തങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് മരംമുറിക്കാൻ സമീപിച്ചത് എന്നാണ് ഭൂവുടമകൾ വെളിപ്പെടുത്തിയിരിക്കുന്നത്.. മാത്രമല്ല, മരംമുറിക്കാനായി ഒരിടത്തും അപേക്ഷ നൽകിയിരുന്നില്ലെന്നും ആദിവാസികളായ ഭൂവുടമകൾ പറയുന്നു.. . ‘മരംമുറിക്കാൻ സ്വമേധയാ അപേക്ഷ നൽകിയിരുന്നില്ല. പേപ്പറുകൾ എല്ലാം ശരിയാക്കാമെന്ന് റോജി പറഞ്ഞു. മാത്രമല്ല അപേക്ഷയിൽ കാണിച്ച ഒപ്പുകൾ ഞങ്ങളുടേത് അല്ല. അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരംമുറിച്ചത്. പേപ്പറുകൾ ശരിയാക്കാൻ കൂടുതൽ പണം വേണം. അതിനാൽ കുറഞ്ഞ വിലയെ നൽകാനാകൂ എന്നും അവർ പറഞ്ഞതായി ഭൂവുമകൾ വ്യക്തമാക്കുന്നു.
അതായത് മരം മുറിക്കാന്‍ അനുമതി കിട്ടിയിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് റോജിയും കൂട്ടാളികളും സമീപിച്ചത്. ആദ്യം എത്തിയത് ഇടനിലക്കാരാണ്. പാതിസമ്മതം ഉറപ്പായശേഷം റോജി നേരിട്ടെത്തി ഇടപാട് ഉറപ്പിക്കുകയായിരുന്നു.. ലക്ഷങ്ങൾ വിലമതിക്കുന്ന മരത്തിന് ഭൂവുടമകൾക്ക് നൽകിയത് തുച്ഛമായ വിലയാണ്. മരംമുറിയുമായി ബന്ധപ്പെട്ട രേഖകൾ റോജി ശരിയാക്കും. അതിനാലാണ് തുക കുറച്ചു നൽകുന്നതെന്നും ഭൂവുടമകളെ പറഞ്ഞു പറ്റിച്ചു. എന്നാൽ ഒരു അപേക്ഷയിലും ഒപ്പിട്ടിരുന്നില്ല എന്നാണ് ഭൂവുടമകൾ പറയുന്നത്.. മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യു പട്ടയ ഭൂമികളില്‍ നിന്നാണ് റോജി അഗസ്റ്റിനും സംഘവും കോടികളുടെ ഈട്ടിത്തടി മുറിച്ചു കടത്തിയത്. മരംമുറിക്കാനായി റോജി അഗസ്റ്റിൻ ഏഴു കർഷകരുടെ സമ്മതപത്രമാണ് വില്ലേജ് ഓഫീസിൽ സമർപ്പിച്ചത്. എല്ലാം റോജി സ്വന്തം എഴുതി ഒപ്പിട്ടവ എന്നാണ് ഫൊറൻസിക് പരിശോധനയിലെ കണ്ടെത്തൽ.. മുട്ടിൽ സൌത്ത് വില്ലേജിൽ നിന്നും ഈ വ്യാജ അപേക്ഷകൾ പൊലീസ് കണ്ടെത്തിയിരുന്നു. 300 വർഷത്തിൽ കൂടുതൽ പഴക്കമുള്ള രാജകീയ വൃക്ഷങ്ങൾ അടക്കമാണ് സർക്കാർ ഉത്തരവിന്റെ മറവിൽ മുറിച്ചു മാറ്റിയതെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായിരുന്നു.
ഭൂപരിഷ്ക്കരണ നിയമം വന്ന ശേഷം പട്ടയഭൂമിയിൽ നിന്നും മരംമുറിക്കാനുള്ള അനുമതിയുണ്ടെന്നായിരുന്നു പ്രതികളുടെ വാദം. ഇത് തള്ളുന്നതാണ് മരങ്ങളുടെ ഡിഎൻഎ റിപ്പോർട്ട്. പെരുമ്പാവൂർ ഡിപ്പോയിൽ നിന്നും മുറിച്ചു കടക്കാൻ ശ്രമിക്കവേ വനംവകുപ്പ് പിടികൂടിയ മരങ്ങളിൽ 300 വർഷത്തിന് മുകളിലുള്ള മരങ്ങൾ 12 എണ്ണവും 400 ന് മുകളിലുള്ളവ ഒൻപതെണ്ണവുമായിരുന്നു. മൂന്ന് എണ്ണത്തിൻറെ പഴക്കം 500 വർഷത്തിലധികമായിരുന്നുവെന്നും ഡിഎൻഎ പരിശോധനയിൽ കണ്ടെത്തി.
മരങ്ങളുടെ പഴക്കം തെളിഞ്ഞതോടെ സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസും ശക്തമായി. പീച്ചി വനഗവേഷണ കേന്ദ്രത്തിലെ പരിശോധനയിലാണ് നിർണായക കണ്ടെത്തൽ. കേസെടുത്ത് രണ്ട് വർഷമായിട്ടും പിടികൂടിയ മരങ്ങള്‍ മുട്ടിലിൽ നിന്നും മുറിച്ചതാണോയെന്ന് വ്യക്തമാകാൻ പൊലിസ് ഡിഎൻഎ ഫലം കാക്കുകയായിരുന്നു. ഡിഎൻഎ ഫലം കിട്ടിയെങ്കിലും റവന്യൂവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന കാലതാമസം കേസിനെ കുഴക്കുന്നുണ്ട്.
പട്ടയഭൂമിയില്‍ നിന്നും മുറിച്ചുമാറ്റപ്പെട്ട വർഷങ്ങള്‍ പഴക്കമുള്ള രജകീയ വൃക്ഷങ്ങളുടെ മൂല്യം കണക്കാക്കി റിപ്പോർട്ട് സമർപ്പിക്കേണ്ടത് റവന്യൂവകുപ്പാണ്. ഇത് റവന്യൂവകുപ്പ് ചെയ്യുന്നില്ല. കോടികള്‍ പിഴകൂടി ചുമത്തിയാൽ പ്രതികള്‍ക്കെതിരായ നടപടി വീണ്ടും ശക്തമാകും. പക്ഷെ റവന്യൂ വകുപ്പിന് മെല്ലെപോക്കാണ്. റോജി അഗസ്റ്റിൻ, ആൻറോ ആഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരാണ് മുഖ്യപ്രതികള്‍. ഇവരുടെ സഹായികളും ഭൂഉടമകളും റവന്യൂ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 13 പേർക്കെതിരായ , കേസിൽ താനൂർ ഡിവൈഎസ്പി വി.വി.ബെന്നിയാണ് അന്വേഷണം നടത്തുന്നത്. മരം മുറിക്കേസിൽ പ്രത്യേക സംഘം അന്വേഷിക്കുന്ന 19 കേസിൽ ഏഴു കേസിൽ ഇതിനകം കുറ്റപത്രം നൽകിയിട്ടുണ്ട്. ഏറ്റവും വലിയ തട്ടിപ്പ് നടത്തിയ മുട്ടിൽ മരംമുറിയിലാണ് ഇനി കുറ്റപത്രം സമർപ്പിക്കേണ്ടത്.പ്രതികൾക്ക് എതിരായ കൂടുതൽ കണ്ടെത്തലുകൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഇനി, പൊലീസിൻ്റെയും വനംവകുപ്പിൻ്റെയും കുറ്റപത്രമാണ് അടുത്ത ഘട്ടം. കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരമുള്ള നടപടി റവന്യുവകുപ്പും സ്വീകരിച്ചാൽ മുട്ടിൽ മരംമുറിയിലെ പ്രതികൾ കനത്ത നിയമനടപടി നേരിടേണ്ടിവരും.