ഉറപ്പായി...ഗണേഷ് കുമാറിന് മന്ത്രി സ്ഥാനമില്ല
രണ്ടാം പിണറായി സർക്കാരിന്റെ രണ്ടരവർഷം പൂർത്തിയാകാൻ നാലുമാസംകൂടി ബാക്കിയുണ്ട്. അതുകൊണ്ടു തന്നെ മന്ത്രിസ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇടതു മുന്നണി ഇതുവരെ ഔദ്യോഗികമായി ചർച്ച നടത്തിയിട്ടുമില്ല. അതിനുമുമ്പുതന്നെ കഴിഞ്ഞ ദിവസംചേർന്ന കേരള കോൺഗ്രസ് (ബി) യോഗത്തിൽ ഗതാഗതവകുപ്പാണെങ്കിൽ മന്ത്രിസ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്ന മാധ്യമ റിപ്പോർട്ടുകളുണ്ടായിരുന്നു. . അതിനിടെ ഗണേശിനെ മന്ത്രിയാക്കില്ലെന്ന അഭ്യൂഹവും ശക്തമാണ്. മുഖ്യമന്ത്രിക്ക് ഗണേശിനോട് താൽപ്പര്യമില്ലെന്ന റിപ്പോർട്ടുകളും സജീവമാകുകയാണ്.
ഗതാഗതവകുപ്പ് ഒഴികെയുള്ള മറ്റേതെങ്കിലും വകുപ്പിന്റെ മന്ത്രിസ്ഥാനം മതിയെന്നാണ് കേരള കോൺഗ്രസ്-ബി.യുടെ ആവശ്യം. എന്നാൽ ഇത് ഇടതുമുന്നണി കാര്യമായെടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് സിപിഎമ്മിലോ മുന്നണിയിലോ ചർച്ചയൊന്നും തുടങ്ങാത്തതിനാൽ ആവശ്യം ഉടൻ പരിഗണിക്കേണ്ട സാഹചര്യമില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഗണേശിനെ മന്ത്രിയാക്കുന്നതിൽ സിപിഎമ്മിലെ ഒരു വിഭാഗത്തിന് വലിയ എതിർപ്പുണ്ടെന്നാണ് സൂചന. നിയമസഭയിൽ പോലും സർക്കാരിനെതിരെ ഗണേശ് സംസാരിക്കുന്നുണ്ടെന്നത് മുന്നണിയിൽ പൊരുത്തക്കേടുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് സൂചന. മന്ത്രിമാരെ വേദിയിൽ ഇരുത്തി പരിഹസിക്കുകയും ഗണേഷ്കുമാർ ചെയ്യാറുണ്ട്. ഈ സാഹചര്യത്തിൽ ഗണേശ് വിഷയത്തിൽ കരുതലോടെ മാത്രമേ മുന്നണി തീരുമാനം എടുക്കു എന്നുറപ്പാണ്.
മാസങ്ങളായി ഇടതുമുന്നണിയുടെ ഭാഗമായി നിന്ന് ഭരണത്തിനെതിരേ കെ.ബി. ഗണേശ്കുമാർ വിമർശനം ഉന്നയിക്കുന്നുമുണ്ട്. ഇതിൽ അമർഷമുണ്ടെങ്കിലും സിപിഎം. പരസ്യമായി മറുപടിയൊന്നും പറഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. എൻഎസ് എസിലെ സിപിഎം വിരുദ്ധ നീക്കങ്ങളിലും ഗണേശിനെ സിപിഎം പ്രതിക്കൂട്ടിൽ നിർത്തുന്നുണ്ട്. ഗണേശിനെ മന്ത്രിയാക്കിയില്ലെങ്കിൽ കേരളാ കോൺഗ്രസ് എന്ത് തീരുമാനം എടുക്കുമെന്നത് നിർണ്ണായകമാണ്..
ഇതിനിടെ എൻ.എസ്.എസ്. ഡയറക്ടർ ബോർഡിലേക്ക് മന്ത്രി കെ.എൻ. ബാലഗോപാലിന്റെ സഹോദരൻ കലഞ്ഞൂർ മധുവിന്റെ ഒഴിവിൽ ഗണേശ്കുമാർ വന്നു. എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ വിശ്വസ്തനാണ് ഗണേശ്. എന്നാൽ ഇടതു സർക്കാരിന് സുകുമാരൻ നായരോടുള്ള അതൃപ്തി വളരെ വ്യക്തവുമാണ്. എൻ.എസ്.എസിന്റെ തണലിൽ യു.ഡി.എഫ്. പ്രവേശനത്തിനാണ് ഗണേശ്കുമാർ ശ്രമിക്കുന്നതെന്ന പ്രചാരണവും ശക്തമാകുന്നുണ്ട്. ഇതെല്ലാം സിപിഎം മുഖവിലയ്ക്ക് എടുത്തേക്കും.. അതിന് ശേഷം മാത്രമേ ഗണേശിനെ മന്ത്രിയാക്കുന്നതിൽ തീരുമാനം എടുക്കൂ എന്നാണ് സൂചന. സോഷ്യൽ മീഡിയയിലെ സൈബർ സഖാക്കൾ ഗണേശിനെതിരെ സജീവമായി രംഗത്തുണ്ട്. വിനായൻ വിവാദത്തിൽ പോലും ഗണേശിനെതിരായ നിലപാടാണ് സിപിഎം സൈബർ സഖാക്കളുടേത്.
മുന്നണിധാരണ അനുസരിച്ച് ആന്റണി രാജുവുമായിട്ടാണ് ഗണേശ് കുമാർ മന്ത്രിസ്ഥാനം പങ്കിടേണ്ടത്. നവംബർ മാസത്തിൽ ഗണേശ് വീണ്ടും മന്ത്രിയാകാൻ സാധ്യത ഏറെയാണ്. ഗണേശിനെ മന്ത്രിയാക്കിയില്ലെങ്കിൽ കേരളാ കോൺഗ്രസ് ബി ഇടതു പക്ഷം വിടാൻ സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ കോൺഗ്രസ് ഇക്കാര്യത്തിൽ എടുക്കുന്ന നിലപാട് നിർണ്ണായകമാകും.
മന്ത്രിസ്ഥാനം പങ്കിടുന്നത് സംബന്ധിച്ചുള്ള ചർച്ചയുണ്ടാകുമ്പോൾ വകുപ്പ് മാറ്റണമെന്ന് പാർട്ടി ആവശ്യപ്പെടുമെന്നാണ് സൂചന . ഇത് അംഗീകരിക്കപ്പെട്ടില്ലെങ്കിൽ മന്ത്രിസ്ഥാനം സ്വീകരിക്കേണ്ടെന്നാണ് പാർട്ടി തീരുമാനം. എൽ.ജെ.ഡി. ഒഴികെയുള്ള എല്ലാ ഘടകകക്ഷികൾക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം ഉറപ്പാക്കിയുള്ള സർക്കാർ രൂപവ്തകരണത്തിനാണ് ഇടതുമുന്നണി നേരത്തെ തീരുമാനിച്ചത്. ഒന്നിലധികം അംഗങ്ങളുള്ള കക്ഷികൾക്കെല്ലാം അഞ്ചുവർഷവും, ഓരോ അംഗങ്ങൾ മാത്രമുള്ള കക്ഷികൾ രണ്ടരവർഷം കൂടുമ്പോൾ പങ്കിട്ടെടുക്കുന്ന വിധവുമാണ് മന്ത്രിസ്ഥാനം നിശ്ചയിച്ചത്. ഇതനുസരിച്ച്, കേരള കോൺഗ്രസ് (ബി), ജനാധിപത്യ കേരള കോൺഗ്രസ്, കോൺഗ്രസ് (എസ്), ഐ.എൻ.എൽ. എന്നീ കക്ഷികളാണ് മന്ത്രിസ്ഥാനം പങ്കിടേണ്ടത്. ഐ.എൻ.എൽ. മന്ത്രിസ്ഥാനം കോൺഗ്രസ്-എസിനാണ് കൈമാറേണ്ടത്.അഹമ്മദ് ദേവർകോവിലിന് പകരം രാമചന്ദ്രൻ കടന്നപ്പള്ളിക്ക് മന്ത്രിസ്ഥാനം ലഭിക്കും.