എം എ യൂസഫലി ഇടപെട്ടൂ.. ഒടുവിൽ ആ മലയാളി മൃതദേഹത്തിന് നീതി കിട്ടി..
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ ഇടപെടലിലൂടെ ഒടുവിൽ ആ മലയാളിയുടെ മൃതദേഹത്തിന് നീതി കിട്ടിയിരിക്കുകയാണ്.പത്ത് മാസത്തിലേറെയായി ബഹ്റൈനിലെ നിയമകുരുക്കിൽ കുടുങ്ങിയ പൊന്നാനി സ്വദേശി കുറുപ്പള്ളി മൊയ്തീന്റെ മൃതദേഹമാണ് ഒടുവിൽ ബഹ്റൈൻ അധികാരികൾ ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ശ്രമകരമായ ഇടപെടലിന് ഒടുവിലാണ് അതിസങ്കീർണമായ നിയമനടപടികൾ ഒഴിവായത്. മാസങ്ങളോളം മൊയ്തീന്റെ ബന്ധുക്കൾ നേരിട്ട അനിശ്ചിതത്വം കൂടിയാണ് ഇതോടെ ഇല്ലാതാകുന്നത്. ഇക്കഴിഞ്ഞ പത്ത് മാസത്തിലേറെയായി മൃതദേഹം വിട്ടു കിട്ടാൻ മൊയ്തീന്റെ ബന്ധുക്കൾ സമീപിക്കാത്ത ഇടങ്ങൾ ഇല്ലായിരുന്നു. സർക്കാർ സംവിധാനങ്ങൾ, സംഘടനകൾ , രാഷ്ട്രീയ നേതൃത്വങ്ങൾ അടക്കം നിരവധി പേരുമായി ബന്ധപ്പെട്ടെങ്കിലും നീതി സാധ്യമായില്ല. ഇതിനൊടുവിലാണ് പത്ത് ദിവസങ്ങൾക്ക് മുമ്പ് മൊയ്തീന്റെ സഹോദരൻ എം.എ യൂസഫലിയെ സമീപിച്ചത്, സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ എം.എ യൂസഫലി ഉടൻതന്നെ ഭരണാധികാരികളെ അടക്കം ബന്ധപ്പെടുകയും സങ്കീർണമായ നിയമനടപടികൾ ഒഴിവാക്കി മൃതദേഹം വിട്ടുനൽകാൻ അധികാരികൾ അനുമതി നൽകുകയുമായിരുന്നു.
കഴിഞ്ഞ 24 വർഷമായി മൊയ്തീൻ ഗൾഫിലായിരുന്നു. വീട്ടുകാരുമായി അധികം അടുപ്പം പുലർത്തിയിരുന്നില്ല. ഏറ്റവും അടുത്ത ബന്ധുക്കളൊഴികെയുള്ളവരെ മൊയ്തീൻ ബന്ധപ്പെട്ടിരുന്നില്ല. അഞ്ച് വർഷത്തിലൊരിക്കലേ ബന്ധുക്കളെ വിളിക്കാറുള്ളൂ. 2022 ഒക്ടോബർ 19ന് ബഹ്റൈനിലെ റോഡരികിൽ മൊയ്തീനെ അവശ നിലയിൽ കണ്ട പ്രദേശവാസികൾ, ആംബലുൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അടുത്ത ദിവസം ആശുപത്രിയിൽ വച്ച് മൊയ്തീൻ മരണപ്പെട്ടു. അസ്വഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം സൽമാനിയ മോർച്ചറിയിലേക്ക് മാറ്റി. ഖബറടക്കാൻ മൃതദേഹം വിട്ടു കിട്ടാനായി ബന്ധുക്കൾ സമീപിച്ചെങ്കിലും നിയമകുരുക്ക് തടസമായി. മൊയ്തീന്റെ സഹോദരൻ മാളിയേക്കൽ സുലൈമാന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും സർക്കാർ സംവിധാനങ്ങളും വഴി നിരവധി തവണ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. ജില്ലാ കളക്ടർ വഴി സർക്കാർ തലത്തിൽ ബന്ധപ്പെട്ടെങ്കിലും, കോടതി നടപടികൾ പൂർത്തിയാകാതെ വിട്ടുനൽകാനാകില്ലെന്നായിരുന്നു മറുപടി. മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ മൊയ്തീന്റെ സഹോദരൻ അഭ്യർത്ഥനയുമായി പത്ത് ദിവസങ്ങൾക്ക് മുമ്പ് എം.എ യൂസഫലിയെ സമീപിച്ചു. ദിവസങ്ങൾക്കകം മൃതദേഹം വിട്ടു കിട്ടാൻ വഴിയൊരുങ്ങുമെന്ന് സുലൈമാനെ നേരിട്ട് വിളിച്ച് എം.എ യൂസഫലി ഉറപ്പ് നൽകുകയായിരുന്നു.
പത്ത് മാസത്തിലേറെയായി നിയമസങ്കീർണതകളിൽ കുരുങ്ങിയത് ദിവസങ്ങൾക്കുള്ളിൽ അഴിയുകയായിരുന്നു. സിഐഡി ഓഫീസിലും, കോൺസുലേറ്റിലുമായി ലുലു ഗ്രൂപ്പ് ജീവനക്കാർ തുടർച്ചയായി ബന്ധപ്പെട്ടു. എം.എ യൂസഫലി ബഹ്റൈൻ ഉപപ്രധാന മന്ത്രിയുമായി ബന്ധപ്പെടുകയും ചെയ്തതോടെ ഫലം കണ്ടു. സങ്കീർണമായ നിയമനടപടികൾ ലഘൂകരിച്ച് മൊയ്തീന്റെ മൃതദേഹം ബഹ്റൈൻ അധികാരികൾ സൽമാനിയ മോർച്ചറിയിൽ നിന്ന് ബന്ധുക്കൾക്ക് വിട്ടുനൽകി. ബന്ധുക്കളും ലുലു ഗ്രൂപ്പ് പ്രതിനിധികളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് ബഹ്റൈനിലെ കുവൈത്ത് മസ്ജിദിൽ ഖബറടക്കി. പത്ത് മാസത്തിലേറെയായി സാധ്യമാകാതിരുന്നതാണ് പത്ത് ദിവസം കൊണ്ട് എം.എ യൂസഫലി സാധ്യമാക്കിയതെന്നും കുടുംബത്തിന്റെ മുഴുവൻ പ്രാർഥനയും നന്ദിയും എം.എ യൂസഫലിയോട് അറിയിക്കുന്നതായും മൊയ്തീന്റെ കുടുംബം പറഞ്ഞു.അതൊടൊപ്പം മാസങ്ങളോളം നീണ്ട അനിശ്ചിതത്വം തീർന്നതിന്റെ ആശ്വാസത്തിലും പ്രാർഥനയിലുമാണ് മൊയ്തീന്റെ കുടുംബം.
ഇന്ത്യയിലും ഗൾഫിലെ അറബ് രാജ്യങ്ങളിലും നിരവധി സാമൂഹിക, ജീവകാരുണ്യ, മാനുഷിക പ്രവർത്തനങ്ങളിൽ യൂസഫലി ഇടപെടാറുണ്ട്. ലോകമെമ്പാടും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്.