ഭർത്താവിന്റെ മൃതദേഹം വീടിന് പിന്നിലെന്ന് വെളിപ്പെടുത്തി യുവതി..
അടൂര്‍ ഏനാത്ത് പരുത്തിപ്പാറയില്‍ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ടെന്ന് യുവതി മൊഴി നല്‍കിയതിന് പിന്നാലെ പോലീസിന്റെ വ്യാപക പരിശോധന. പത്തനംതിട്ട കലഞ്ഞൂര്‍ പാടം സ്വദേശി നൗഷാദിനെ കൊലപ്പെടുത്തിയെന്ന് ഭാര്യ അഫ്സാന മൊഴി നല്കിയതനുസരിച്ചാണ് മൃതദേഹം കണ്ടെത്താനായി പോലീസ് സംഘം പരിശോധന നടത്തുന്നത്. അതേസമയം, മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മൃതദേഹം കണ്ടെത്താനായിട്ടില്ല. ഇതിനിടെ, യുവതി മൊഴി മാറ്റിപ്പറയുന്നതും പോലീസിനെ കുഴപ്പിച്ചു. നിലവില്‍ പരുത്തിപ്പാറയിലെ വീടിന് പിറകില്‍ അഫ്സാന കാണിച്ച സ്ഥലത്ത് പോലീസിന്റെ പരിശോധന തുടരുകയാണ്.
ഒന്നരവര്‍ഷം മുന്‍പാണ് നൗഷാദിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. 2021 നവംബര്‍ അഞ്ചാം തീയതി മുതല്‍ യുവാവിനെ കാണാനില്ലെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നൗഷാദിനെ കണ്ടെത്താനായി വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലംകണ്ടില്ല. അടുത്തിടെ ഭാര്യ അഫ്സാനയെ പോലീസ് വിശദമായി ചോദ്യംചെയ്തതാണ് കേസില്‍ വഴിത്തിരിവായത്.
ഒരുമാസം മുന്‍പ് അഫ്സാനയെ ചോദ്യംചെയ്തപ്പോള്‍ നൗഷാദിനെ താന്‍ അടുത്തിടെ നേരിട്ടുകണ്ടെന്നായിരുന്നു ഇവരുടെ മൊഴി. ഇതേത്തുടര്‍ന്ന് അഫ്സാന പറഞ്ഞ സ്ഥലത്ത് പോലീസ് അന്വേഷണം നടത്തിയെങ്കിലും നൗഷാദ് ഇവിടെവന്നതായുള്ള വിവരങ്ങള്‍ ലഭിച്ചില്ല. സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും തെളിവുകള്‍ കിട്ടിയില്ല. ഇതോടെ അഫ്സാനയെ വിശദമായി ചോദ്യംചെയ്തതോടെയാണ് ഭര്‍ത്താവിനെ ഒന്നരവര്‍ഷം മുന്‍പ് കൊലപ്പെടുത്തിയതായി മൊഴി നല്‍കിയത്.
ദമ്പതിമാര്‍ നേരത്തെ താമസിച്ചിരുന്ന ഏനാത്ത് പരുത്തിപ്പാറയിലെ വീട്ടില്‍വെച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നായിരുന്നു അഫ്സാന പോലീസിനോട് നടത്തിയ വെളിപ്പെടുത്തല്‍. അതേസമയം, യുവതി ഇടയ്ക്കിടെ മൊഴി മാറ്റിപ്പറഞ്ഞത് അന്വേഷണസംഘത്തെ പ്രതിസന്ധിയിലാക്കി. മൃതദേഹം ഏനാത്തിന് സമീപം പുഴയില്‍ ഒഴുക്കിയെന്നായിരുന്നു യുവതി ആദ്യം പറഞ്ഞത്. പിന്നാലെ പുഴയില്‍ ഒഴുക്കിയില്ല, വീടിന് സമീപത്തെ സെമിത്തേരിയോട് ചേര്‍ന്ന് കുഴിച്ചിട്ടെന്ന് മൊഴി നല്കി. ഇതനുസരിച്ച് വ്യാഴാഴ്ച രാവിലെ ആദ്യം സെമിത്തേരി പരിസരത്താണ് പോലീസ് സംഘം പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.
ഇതോടെ അഫ്സാനയെ വീണ്ടും ചോദ്യംചെയ്തു. വീടിന് പിറകില്‍ കുഴിച്ചിട്ടെന്നായിരുന്നു പിന്നീടുള്ള മൊഴി. പുരയിടത്തില്‍ അടുക്കളയ്ക്ക് സമീപത്തുള്ള സ്ഥലവും ചൂണ്ടിക്കാണിച്ചു. ഇവിടെ പോലീസ് സംഘം തിരച്ചില്‍ തുടരുകയാണ്. പോലീസിനൊപ്പം ഫൊറന്‍സിക് സംഘവും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. നേരത്തെ ഫൊറന്‍സിക് സംഘം വീടിനുള്ളില്‍ പരിശോധന നടത്തിയിരുന്നു. സെപ്റ്റിക് ടാങ്കിന്റെ മൂടിമാറ്റിയും പരിശോധന നടത്തി. എന്നാല്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.