RSS കാർ വെട്ടിയ കൈയ്യാണിത് .. എന്നിട്ടും തളർന്നിട്ടില്ല…
ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും രാഷ്ട്രീയ വെല്ലുവിളികൾ മുഴങ്ങി തുടിങ്ങിയിരിക്കുകയാണ്… വെറും വെല്ലുവിളിയല്ല, ഇത്തവണ കൊലവിളിയാണ്..ഹിന്ദു ആചാരങ്ങളെ കേരള സ്പീക്കർ ഷംസീർ അവഹേളിച്ചു എന്ന് പറഞ്ഞാണ്, യുവമോർച്ച നേതാവായ കെ. ഗണേശൻ അത്തരം ഒരു പ്രസ്താവന ആദ്യം ഇറക്കിയത്. ‘ജോസഫ് മാഷുടെ കൈ പോയതുപോലെ തന്റെ കൈ പോകില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിന്. പക്ഷേ, എല്ലാകാലത്തും ഹിന്ദുസമൂഹം അങ്ങനെത്തന്നെ നിന്നുകൊള്ളണമെന്ന് ഷംസീർ ഒരിക്കലും കരുതരുത്.’ എന്നായിരുന്നു ആ
പ്രസ്താവന…
ഇത്തരം വെല്ലുവിളികൾക്ക് മറുപടി തീർച്ചയായും ഉണ്ടാകും. കണ്ണൂരിലെ സിപിഎമ്മിൻറെ അനിഷേധ്യ നേതാവായ പി. ജയരാജൻ തന്നെ മറുപടിയുമായി രംഗത്തെത്തി. – ”ഷംസീറിന് നേരെ കൈയോങ്ങിക്കഴിഞ്ഞാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കും. ‘ ജയരാജൻ പറഞ്ഞതിങ്ങനെയാണ് -തൊട്ടുപിന്നാലെ രംഗത്ത് വന്നത് സന്ദീപ് വാര്യർ ആണ് ”യുവമോർച്ചക്കാരുടെ മേലിൽ ഒരു നുള്ള് മണ്ണ് വീണാൽ ഒരു വരവ് കൂടി വരേണ്ടി വരും”എന്ന് ഒപ്പം ഓണപ്പൂക്കളത്തിൻറെ ഒരു ചിത്രവും സന്ദീപ് വാര്യർ പങ്ക് വെച്ചിരുന്നു. ആ ചിത്രം വിളിച്ച് പറയുന്നുണ്ട് അത് ആർക്കെതിരെയുള്ള ഭീഷണിയാണെന്ന്. തൊട്ടു പിന്നാലെ ശോഭാ സുരേന്ദ്രൻ പേരെടുത്ത് പറഞ്ഞു — ” മിസ്റ്റർ . ജയരാജൻ , അടങ്ങിയൊതുങ്ങി ഇരിക്കുന്നതാണ് നിങ്ങൾക്ക് നല്ലത്” . എന്ന്
സന്ദീപോ ശോഭയോ കൈ വെട്ടും എന്ന് ഭീഷണിപ്പെടുത്തിയാൽ അതും കേട്ട് വായുംപൊത്തി മാളത്തിൽ പോയിരിക്കുന്ന ആളാണോ ജയരാജൻ ? അങ്ങനെ പറഞ്ഞവൻ ഒക്കെ മോർച്ചറിയിൽ കിടക്കും എന്ന് തന്നെ അയാൾ മറുപടി പറയും.. കാരണം 1999 ലെ തിരുവോണ നാളിനെ ജയരാജൻ എങ്ങനെയാണ് മറക്കുക?
1999 തെരഞ്ഞെടുപ്പ് തിരക്കിനിടയിലാണ് അക്കൊല്ലത്തെ തിരുവോണം .ആഗസ്ത് 25. തിരുവോണ ദിവസം വൈകുന്നേരം കാണാമെന്ന് പ്രധാന സഖാക്കളുമായി ധാരണയിലെത്തിയാണ് ജയരാജൻ അന്ന് പരിഞ്ഞത്. അദ്ദേഹത്തിൻറെ വീട്ടില്‍ ഭാര്യ യമുന മാത്രമേ ഉണ്ടായിരുന്നുള്ളൂ. . പെട്ടെന്ന് വീടിന്റെ കിഴക്ക്ഭാഗത്ത് നിന്ന് എന്തോ പൊട്ടിത്തെറിക്കുന്ന ഒച്ച കേട്ടു. ചാടിയെഴുന്നേറ്റപ്പോൾ വീണ്ടും സ്ഫോടനം. വീടിന്റെ മുന്‍വശത്ത് നിന്നും ഒരു സ്ത്രീയുടെ ഉറക്കെയുള്ള നിലവിളി കേട്ട് പുറത്തിറങ്ങി നോക്കുമ്പോൾ നിലവിളിച്ചു ഓടിവരുന്ന അയല്പക്കത്തെ കനക എന്ന സ്ത്രീയെയും പിന്നാലെ വാളുകളും കൈമഴുവും ബോംബുകളുമായി വരുന്ന ഒരു സംഘം ആര് എസ്.എസു കാരേയുമാണ് കണ്ടത്. തുടരെ ബോംബുകള്‍ എറിഞ്ഞു പൊട്ടിച്ചാണ് അവരുടെ വരവ്. പെട്ടന്ന് ഭാര്യയോടെയൊപ്പം അകത്തേക്ക് കയറി വാതിലടക്കാൻ ജയരാജൻ ശ്രമിച്ചു. പക്ഷെ മൂര്‍ച്ചയുള്ള വാളുകളുടെയും മഴുവിന്റെയും വായ്ത്തലകള്‍ വാതിലിനിടയിലൂടെ ഉള്ളിലേക്ക് നീണ്ടു. ഓംകാളി ഭദ്രകാളി എന്ന അലർച്ചയുമായി അവര്‍ വാതില്‍ ചവിട്ടി തുറന്നു. വാളുകൾ കൊണ്ട് ജയരാജന്റെ ശരീരത്തിൽ നിന്നും രക്തം ചീറ്റിതെറിച്ചു. ഒരു നിമിഷം തരിച്ച് നിന്നെങ്കിലും ഒരു കസേര കൊണ്ട് അദ്ദേഹം അനവധി വെട്ടുകൾ തടഞ്ഞുനിർത്തി. കസേര പിടിച്ച ആ വലതു കയ്യാണ് പിന്നീട് വെട്ടിവീഴ്ത്തപ്പെട്ടത്. മിനുസമുള്ള സിമന്റ് തറയില്‍ ഒഴുകിപ്പരന്ന സ്വന്തം ചോരയില്‍ വഴുതി അദ്ദേഹം നിലത്തേക്ക് വീണു. അനക്കമറ്റ ശരീരം നോക്കി മരണമുറപ്പാക്കിയ R S S സംഘം വീടിനുള്ളില്‍ ബോംബുകള്‍ വലിച്ചെറിഞ്ഞ ശേഷം പിന്‍വാങ്ങി. ആ സമയത്ത് മുഖംമൂടി വലിച്ച് മാറ്റി കൂട്ടത്തിൽ ഒരാൾ പറഞ്ഞു– ” ഇത് ഞാനാണെടാ കതിരൂർ മനോജ്”. എന്ന്
ഇന്ന് ഈ സന്ദീപ് വാര്യരുടെ, ശോഭയുടെ ഒക്കെ വെല്ലുവിളികൾ കാണുമ്പോൾ ജയരാജൻ ചിരിക്കുന്നുണ്ടാകും. കാരണം 47 വയസ്സ് വരെ വലതുകൈ കൊണ്ട് ഓണസദ്യ കഴിച്ചിരുന്ന അയാൾ ഇടതുകൈ കൊണ്ട് ഇന്നും സദ്യ കഴിക്കുന്നുണ്ട്. അന്ന് അയാളുടെ വീട്ടിൽ കയറി തിരുവോണനാളിൽ ചോര കൊണ്ട് പൂക്കളം തീർത്ത ആരു തന്നെ ഇന്ന് ഓണം ഉണ്ണാൻ ഇല്ലെന്നതാണ് സത്യം. ചങ്കൂറ്റം കാണിക്കാൻ മുഖംമൂടി വലിച്ചു മാറ്റി അലറിയ കതിരൂർ മനോജോ, അക്രമം ആസൂത്രണം ചെയ്ത ജയകൃഷ്ണനോ ഇന്നില്ല.
പി.ജയരാജൻ ഇന്നും പാർട്ടിയുടെ നെടുംതൂണായി പ്രവർത്തിക്കുന്നു അങ്ങനെയുള്ള ജയരാജനോടാണ് ഒതുങ്ങിയിരിക്കാനും വീണ്ടുമൊരു വരവുകൂടിയുണ്ടാകുമെന്നൊക്കെ ഭീഷണിപ്പെടുത്തുന്നത്… ചേതനയറ്റ വലംകൈ ജയരാജനെ തളർത്തിയിട്ടില്ല. ഇടംകൈയുടെയും, ഇടതിന്റെയും കരുത്തിൽ അയാൾ തലയുയർത്തി തന്നെ നിൽക്കുന്നുണ്ട്. അങ്ങനെയുള്ളപ്പോൾ ഇങ്ങനെ രാഷ്ട്രീയ വെല്ലുവിളികൾ ഉയർത്തി നാണം കെടുന്നവർ ആ ചരിത്രം കൂടി ഓർക്കുന്നത് നല്ലതായിരിക്കും..