കളം തിരിച്ചുപിടിച്ച് ശോഭ സുരേന്ദ്രൻ ഇനി സുരേന്ദ്രൻ കുറച്ച് വിയർക്കും
ശോഭാ സുരേന്ദ്രനും ബിജെപി ഔദ്യോഗിക ഘടകവും തമ്മിൽ തർക്കങ്ങൾ രൂക്ഷമായെങ്കിലും ഒടുവിൽ ശോഭയുടെ വഴിക്ക് കാര്യങ്ങൾ വന്നു എന്നു വേണം പറയാൻ. തന്നെ ഊരുവിലക്കാൻ നട്ടെല്ലുള്ള ഒരു രാഷ്ട്രീയക്കാരനും കേരളത്തിന്റെ മണ്ണിലില്ലെന്നാണ് കഴിഞ്ഞദിവസം ശോഭ സുരേന്ദ്രൻ തന്നെ മുതിർന്ന നേതാക്കളെ വെല്ലുവിളിച്ചിരുന്നത്… ഒടുവിൽ ശോഭ പറഞ്ഞതു പോലെ സംഭവിച്ചു.. ഇടഞ്ഞ് നിൽക്കുന്ന ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തുറന്ന് പറച്ചിലുകൾക്കും നേതാക്കൾക്കെതിരായ പരസ്യ വിമര്ശനവും അടക്കമുള്ള വിവാദങ്ങൾക്കിടെ ശോഭ സുരേന്ദ്രന് ബിജെപി സംസ്ഥാന നേതൃത്വം കോഴിക്കോട് ജില്ലാ പ്രഭാരിയുടെ ചുമതല നൽകിയിരിക്കുകയാണ്.കഞ്ഞികുടിക്കാൻ ഗതിയില്ലാത്ത വീട്ടിൽ ജനിച്ച്, സാധാരണ ഗ്രാമത്തിൽ നിന്ന് തുടങ്ങി, ഭക്ഷണത്തിന് മാർഗമില്ലാതെ, ഉടുതുണിക്ക് മറുതുണിയില്ലാതെ ജീവിച്ച് ഇന്ന് ഇവിടെ വരെ എത്തിനിൽക്കാൻ സാധിക്കുന്നുണ്ടെങ്കിൽ ഒരു ഊരുവിലക്കിനെയും ഭയപ്പെടുന്ന രാഷ്ട്രീയനേതാവല്ല താനെന്നും ശോഭ പറയുകയുണ്ടായി..
പാർട്ടിയിൽ ചുമതല നൽകാതെ അവഗണിക്കുന്നുവെന്ന ശോഭയുടെ പരസ്യ വിമർശനങ്ങൾക്കിടെയാണ് സുരേന്ദ്രന്റെ ഭാഗത്ത് നിന്നും ഒരു അനുനയന നീക്കം ഉണ്ടായിരിക്കുന്നത്. പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി തുടർച്ചയായി പരസ്യ പ്രസ്താവന നടത്തുന്ന ശോഭാ സുരേന്ദ്രൻ, സംസ്ഥാന നേതൃത്വത്തെ വലിയ പ്രതിസന്ധിയിലാക്കുന്നുവെന്നടക്കമുള്ള പരാതി നേരത്തെ തന്നെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ശോഭക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നായിരുന്നു സുരേന്ദ്രന്റെ ആവശ്യം. എഐ ക്യാമറ വിവാദത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന രീതിയിൽ പ്രതികരിച്ചു, സംസ്ഥാന സമിതിയിലും ഭിന്നിപ്പിന് ശ്രമിച്ചു എന്നീ കാര്യങ്ങളാണ് പരാതിയായി സുരേന്ദ്രൻ ഉന്നയിച്ചത്.
‘ബിജെപി എന്റെ കൂടി പാർട്ടിയാണ്. വഴിയിൽ തടസ്സങ്ങൾ ഉണ്ടെങ്കിൽ അത് തട്ടി നീക്കി മുന്നോട്ടു പോകും. ട്രൗസർ ഇട്ട് മൈതാനത്ത് കളിക്കുന്ന കുട്ടികളെ ഉപയോഗിച്ച് തനിക്കെതിരെ ഒരു വിഭാഗം പ്രചരണം നടത്തുകയാണെന്നുമായിരുന്നു ശോഭയുടെ പ്രതികരണം. ഈ വാക്ക് പോരുകൾക്ക് പിന്നാലെയാണ് കേന്ദ്ര ഇടപെടലുണ്ടായതെന്നാണ് സൂചന. ശോഭയെ അനുനയിപ്പിച്ച് മുന്നോട്ട് പോകാനാണ് നിലവിൽ സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്.
എന്നാൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കഴിഞ്ഞദിവസം പറഞ്ഞത് ശോഭാ സുരേന്ദ്രനെതിരെ ഒരു പരാതിയും നൽകിയിട്ടില്ലെന്നാണ്. കഴിഞ്ഞ അഞ്ചെട്ടു വർഷം ദേശീയ നേതൃത്വം നൽകിയ ചുമതലകളും ജോലികളും കൃത്യമായ ചെയ്ത സാധാരണക്കാരിയാണ് ഞാനെന്നും അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഒരു വാർത്തയും എന്നെ ഭയപ്പെടുത്തുകയോ വേദനപ്പിക്കുന്നുമില്ല എന്ന് ശോഭ പറഞ്ഞിരുന്നു… ഒരു തീരുമാനമെടുത്ത് ഗ്രൗണ്ടിലിറങ്ങിയാൽ പിന്മാറുന്ന സ്വഭാവവും തനിക്കില്ല, ബിജെപിയുടെ പ്രവർത്തനം സുതാര്യമായി തന്നെ മുന്നോട്ട് പോകണമെന്നാണ് തന്റെ അഭിപ്രായമെന്നും ശോഭ സുരേന്ദ്രൻ അന്ന് പറഞ്ഞിരുന്നു…
ബിജെപിയിൽ പൊട്ടിത്തെറികൾ രൂക്ഷമാവുകയും ശോഭയെ കെ സുരേന്ദ്രൻ പക്ഷം അവഗണിക്കാനും തുടങ്ങിയതോടെ കൃഷ്ണദാസ് പക്ഷം ശോഭയെ അനുകൂലിച്ചിരുന്നു. ഔദ്യോഗിക പക്ഷത്തിന്റെ അനുമതിയില്ലാതെ കോഴിക്കോട് പാർട്ടി പരിപാടികളിലടക്കം ശോഭയെ പങ്കെടുപ്പിച്ചിരുന്നു.. ഒടുവിൽ ശോഭയ്ക്ക് കോഴിക്കോട് ജില്ലാ പ്രഭാരിയുടെ ചുമതല നൽകിയിരിക്കുകയാണ്. എന്തായാലും ശോഭയ്ക്കെതിരെ നിന്നാൽ നിൽക്കുന്നവരെ പൂട്ടാനുള്ള ആയുധം തന്റെ കൈയ്യിലുണ്ടെന്ന് ശോഭ അന്നേ പറഞ്ഞിരുന്നു. ബിജെപിയുടെ കരുത്തുറ്റ വനിതാ നേതാവു കൂടിയായ ശോഭയെ അനുനയിപ്പിച്ചില്ലെങ്കിൽ വരാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അത് തിരിച്ചടിയായേനെ. കഴിഞ്ഞദിവസം കെ സുരേന്ദ്രനടക്കമുള്ള നേതാക്കൾ ഡെൽഹിയിൽ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.. അതിനുശേഷമാണ് ഈ അനുനയനീക്കം..