200 റണ്‍ ജയം, ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യക്ക്
വെസ്റ്റിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യ നേടി. മൂന്നാം മത്സരത്തില്‍ വിൻഡീസിനെ 200 റണ്ണിനാണ് തകർത്തത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ട്ടത്തിൽ 351 റണ്ണെടുത്തു. മറുപടി ബാറ്റിങ്ങിനെത്തിയ വെസ്റ്റിൻഡീസ് 35.3 ഓവറില്‍ 151 റണ്ണിന് പുറത്താവുകയായിരുന്നു. ഇന്ത്യൻ യുവതാരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. അര്‍ധസെഞ്ചുറികളുമായി ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും ഹാര്‍ദിക് പാണ്ഡ്യയും സഞ്ജു സാംസണും ബാറ്റിങ്ങിൽ തിളങ്ങി.
ടോസ് നഷ്ടമായ ഇന്ത്യക്ക് ആദ്യം ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നു. രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ഈ കളിയിലും ഇറങ്ങിയില്ല. അക്സര്‍ പട്ടേലിനുപകരം ഋതുരാജ് ഗെയ്ക്ക്വാദും ഉമ്രാൻ മാലിക്കിനുപകരം ജയദേവ് ഉനദ്ഘട്ടും ടീമിലെത്തി. ഓപ്പണര്‍മാരായ ഗിൽ 85 ഉം ഇഷാൻ കിഷൻ 77 ഉം റൺസ് വീതം നേടി മികച്ച തുടക്കമാണ് നല്‍കിയത്. നാലാമനായെത്തിയ സഞ്ജുവും 51 റൺ നേടിയതോടെ സ്കോർ കുതിച്ചുയർന്നു. അവസാന ഓവറുകളില്‍ തകർത്തടിച്ച ഹാര്‍ദിക് 52 പന്തില്‍ 70 റൺ നേടി പുറത്താകാതെ നിന്നു. ഹാര്‍ദിക്കിന്റെ ഇന്നിങ്സില്‍ അഞ്ച് സിക്സറും നാല് ഫോറും ഉള്‍പ്പെടുന്നുണ്ട് . സൂര്യകുമാര്‍ യാദവ് 30 പന്തില്‍ 35 റണ്ണെടുത്ത് പുറത്തായി.
മറുപടി ബാറ്റിങ്ങില്‍ വിൻഡീസിനായി വാലറ്റത്ത് ഗുദകേഷ് മോട്ടി മാത്രമാണ് പൊരുതിയത്. മോട്ടി 39 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി ശാര്‍ദുല്‍ ഠാക്കൂര്‍ നാല് വിക്കറ്റെടുത്തു. മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
ഇരുടീമുകളും തമ്മിലുള്ള അഞ്ച് മത്സര ട്വന്റി 20 പരമ്പര നാളെ ആരംഭിക്കും.