ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷം ഗൂഢാലോചന; മുഖ്യമന്ത്രി
ഹരിയാനയിലെ നൂഹ് ജില്ലയില്‍ വിശ്വഹിന്ദു പരിഷത്ത് ഘോഷയാത്രയിലേക്ക് ഒരു കൂട്ടം ആളുകള്‍ കല്ലെറിയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
ഒട്ടേറെ പൊലീസുകാര്‍ ഉള്‍പ്പെടെ 70 പേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷത്തെത്തുടര്‍ന്ന് ഹരിയാനയില്‍ അതിജാഗ്രത. വലിയതോതില്‍ പൊലീസ് സന്നാഹത്തിനുപുറമേ കേന്ദ്രസേനയും സുരക്ഷയ്ക്കായി രംഗത്തെത്തി. ആരാധനാലയങ്ങള്‍ക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സമാധാനം ഉറപ്പാക്കുന്നതിനായി പൊലീസും ഭരണകൂടവും ഇരു സമുദായങ്ങളിലെയും പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് 40 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 80 ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് നൂഹ്, ഗുരുഗ്രാം ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മൊബൈല്‍ഇന്റര്‍നെറ്റ് സേവനങ്ങളും റദ്ദാക്കി. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി നല്കി. ചൊവ്വാഴ്ചയും ബദ്ഷാഹ്പുരില് ആള്‍ക്കൂട്ടം പതിനഞ്ചോളം കടകള്‍ ആക്രമിച്ചു. ഗുരുഗ്രാം സെക്ടര്‍ 66ലും ആള്‍ക്കൂട്ടം ചില കടകള്‍ക്ക് തീയിട്ടു.
വലിയ ഗൂഢാലോചനയുടെ ഭാഗമായാണ് സംഘര്‍ഷങ്ങള്‍ അരങ്ങേറിയതെന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതലയോഗത്തിനുശേഷം ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് പറഞ്ഞു. അജ്ഞാതരായ അക്രമികളാണ് അക്രമം പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.