തിരിച്ചുവരവില്‍ രാഹുലിന് ആദ്യവിരുന്ന് ആര്‍ജെഡിയുടെ വക ; സ്വന്തം കൈകൊണ്ടു വെച്ച മട്ടന്‍ വിഭവം ഒരുക്കി ലാലുപ്രസാദ് യാദവ്
സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ എംപി സ്ഥാനത്തേക്കുളള മടങ്ങിവരവിൽ കോണ്‍ഗ്രസ് നേതാവ് രാഹുലിന് ആദ്യവിരുന്ന് നൽകിയത് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്.
‘മോദി’ പരാമര്‍ശത്തിന്റെ പേരില്‍ അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ട രാഹുലിന്റെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തത് കഴിഞ്ഞ ദിവസമായിരുന്നു. ഇതോടെ രാഹുലിന് പാര്‍ലമെന്റിലേക്ക് തിരിച്ചു വരാനാകും. ആദ്യത്തെ സൽക്കാരമൊരുക്കി രാഹുലിനെ സ്വീകരിച്ചത് ലാലു പ്രസാദ് യാദവ് ആയിരുന്നു. പനിനീര്‍പ്പൂവിന്റെ ബൊക്കെ നല്കി കോണ്‍ഗ്രസ് നേതാവിനെ സ്വീകരിച്ച ലാലുപ്രസാദ് യാദവ് കൂടിക്കാഴ്ചയിലെ അത്താഴത്തിന് സ്വന്തം കൈകൊണ്ടു തയ്യാറാക്കിയ മട്ടന്‍ വിഭവവും വിളമ്പി.
ആര്‍ജെഡി എംപി മിസാ ഭാരതിയുടെ ഡല്‍ഹിയിലെ വീട്ടിലായിരുന്നു ഈ വിരുന്ന്. ബീഹാറിലെ ഉപ മുഖ്യമന്ത്രി തേജസ്വീയാദവും സന്നിഹിതനായിരുന്നു. ഈ മാസം അവസാനം ഇവരെല്ലാം ഒരുമിക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിന് മുന്നോടിയായിട്ടായിരുന്നു കൂടിക്കാഴ്ചയും അത്താഴ വിരുന്നും.
ഇരുവരും രാഷ്ട്രീയ വിഷയങ്ങൾ അധികം സംസാരിച്ചില്ല. രാഹുലിനുള്ള അത്താഴവിരുന്നിനായി ബീഹാറില്‍ നിന്നും ആട്ടിറച്ചിയും മറ്റു വസ്തുക്കളും വരുത്തുകയായിരുന്നു. ബീഹാറി രീതിയില്‍ മട്ടന്വിഭവം ഒരുക്കുന്നത് എങ്ങിനെയാണെന്ന് കാട്ടിക്കൊടുക്കുകയും ചെയ്തു. ഇന്ത്യ എന്ന പ്രതിപക്ഷ രാഷ്ട്രീയസഖ്യം ഒറ്റക്കെട്ടായി നിന്ന് രാഹുലിനെ സ്വാഗതം ചെയ്യുന്ന കാഴ്ച, മോദി- അമിത് ഷാ കൂട്ടുകെട്ടിന് തലവേദന സൃഷ്ടിക്കുമെന്നത് ഉറപ്പാണ്.