ഏഷ്യന്‍ ചാമ്പ്യൻസ് ട്രോഫി; ഇന്ത്യ സെമിയില്‍
ദക്ഷിണ കൊറിയയെ 3-2 ന് കീഴടക്കി ഇന്ത്യ ഏഷ്യന്‍ ചാംപ്യൻസ് ട്രോഫി ഹോക്കി ടൂര്‍ണമെന്റിലെ സെമി ഫൈനല്‍ ഉറപ്പാക്കി. ഇന്ത്യക്കു വേണ്ടി നിലകണ്ഠ ശര്‍മ, ഹര്‍മന്‍പ്രീത് സിങ്, മന്ദീപ് സിങ് എന്നിവര്‍ ഗോളടിച്ചു.
കളിയുടെ അവസാന മിനിറ്റുകളിലാണ് ദക്ഷിണ കൊറിയൻ ടീം രണ്ടു ഗോളുകള്‍ തിരിച്ചടിച്ചത്്. കിം സണ്ഗുയാന്, യാങ് ജിഹുന്‍ എന്നിവരാണ് സ്കോർ ചെയ്തത്. മലയാളി ഗോള്‍ കീപ്പര്‍ പി.ആര്. ശ്രീജേഷിന്റെ നിർണ്ണായക സേവുകളും ഇന്ത്യക്കു ജയത്തില്‍ തുണയായി.
മറ്റൊരു മത്സരത്തില്‍ ജപ്പാനെ 3-1 നു തോല്‍പ്പിച്ച് മലേഷ്യയും സെമിസാധ്യതകൾ സജീവമാക്കി. ഞായറാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യയോട് 5-0 ത്തിന് തോറ്റ മലേഷ്യക്ക് ജപ്പാനെ തോല്‍പ്പിച്ചത് വലിയ ആശ്വാസമായി മാറി. മൂന്ന് കളികളില്‍നിന്ന് ഒന്‍പത് പോയിന്റാണു മലേഷ്യയുടെ നേട്ടം. മറ്റൊരു മത്സരത്തില്‍ പാകിസ്താന് ചൈനയെ 2-1 നു തോല്‍പ്പിച്ച് ടൂര്‍ണമെന്റിലെ ആദ്യ ജയം കുറിച്ചു. നാല് മത്സരങ്ങളില്‍നിന്ന് അഞ്ച് പോയിന്റ് നേടിയ പാകിസ്താന് നാലാം സ്ഥാനത്താണ്. തോല്‍വിയോടെ ചൈന സെമി കാണാതെ പുറത്തായി.