മണിപ്പൂരിലെ പ്രതിസന്ധിക്ക് കാരണം കോണ്‍ഗ്രസ് സര്‍ക്കാറുകളെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ
മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നോട്ട് പോകുന്നതിനിടെ പ്രതിസന്ധിയില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. കോണ്‍ഗ്രസാണ് മണിപ്പൂരിലെ നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നിക്ഷിപ്ത താല്പര്യത്തോടെ രാജ്യം ഭരിച്ച കോണ്‍ഗ്രസാണ് പ്രശ്നങ്ങള്‍ക്ക് കാരണം. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് അവിശ്വാസപ്രമേയം കൊണ്ടു വരികയാണ്. കോണ്‍ഗ്രസ് ഭരണത്തില്‍ 1990ല്‍ 300 പേരും 2006ല്‍ 105 പേരും മണിപ്പൂരില്‍ കൊല്ലപ്പെട്ടുവെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങള്‍ മൂലമാണ് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ പല തര്‍ക്കങ്ങളും പരിഹാരമില്ലാതെ തുടരുന്നത്. മേഖലയിലെ വിവിധ സമുദായങ്ങള്‍ക്കിടയില്‍ സ്പര്ധയുണ്ടാക്കിയത് കോണ്‍ഗ്രസാണ്. ഇന്ന് മണിപ്പൂര്‍ കത്തുകയാണ്. കോണ്‍ഗ്രസ് മാത്രമാണ് അതിന് ഉത്തരവാദി. മണിപ്പൂരാണെങ്കിലും നാഗാലാൻഡാണെങ്കിലും കോണ്‍ഗ്രസാണ് കലാപങ്ങള്‍ക്ക് ഇന്ധനം പകര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.