സംസ്ഥാനം കടുത്ത വരള്‍ച്ചയിലേയ്ക്ക്; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകര്‍
അടുത്ത രണ്ട് മാസം കേരളത്തില്‍ കാര്യമായി മഴ ലഭിക്കാൻ സാദ്ധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നു. ജൂണ്‍ മുതല്‍ കഴിഞ്ഞദിവസം വരെ സംസ്ഥാനത്ത് 44 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. ഈ മാസം കഴിയുന്നതോടെ കുറവ് 60 ശതമാനം ആകാനാണ് സാദ്ധ്യത. 155.6 സെന്റിമീറ്റര്‍ മഴ ലഭിക്കേണ്ടതിന് പകരം ഇന്നലെവരെ ലഭിച്ചത് 87.7 സെന്റിമീറ്റര്‍ മാത്രമാണ്. മുൻവര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്നത് ഓഗസ്റ്റിലാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.
ഓഗസ്റ്റ് പകുതിയായിട്ടും ലഭിക്കേണ്ട മഴയുടെ പത്ത് ശതമാനം മാത്രമാണ് പെയ്തത്. സെപ്തംബറില്‍ സാധാരണ അധികം മഴ ലഭിക്കാറില്ല. ഇപ്രാവശ്യവും ഇതിന് മാറ്റാൻ വരാൻ സാദ്ധ്യതയുണ്ടാകില്ല. 2016നേക്കാള്‍ വലിയ വരള്‍ച്ച സംസ്ഥാനം ഇത്തവണ നേരിട്ടേക്കാം എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പസഫിക് സമുദ്രത്തില്‍ രൂപംകൊണ്ട എല്‍ നിനോ, കാര്യമായ ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെടാത്തത്, തീരത്ത് കാലവര്‍ഷക്കാറ്റിന്റെ കുറവ് എന്നിവയാണ് മഴ കുറഞ്ഞതിന്റെ കാരണങ്ങളായി വിലയിരുത്തുന്നത്. അതേസമയം, സെപ്തംബറില്‍ കേരളത്തില്‍ പതിവില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ കൂട്ടായ്മയായ മെറ്റ്ബീറ്റ് വെതര്‍ പ്രവചിക്കുന്നത്.