വഹാബ് റിയാസ് വിരമിച്ചു
രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പാകിസ്താന് പേസ് ബൗളര്‍ വഹാബ് റിയാസ്. 15 വര്‍ഷത്തെ രാജ്യാന്തര കരിയറിനാണ് ഇതോടെ തിരശീലയിടുന്നത്. എന്നാല്‍, ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടര്‍ന്നും കളിക്കുമെന്ന് വഹാബ് റിയാസ് പറഞ്ഞു.
പാകിസ്താനായി 27 ടെസ്റ്റിലും 91 ഏകദിനത്തിലും 36 ട്വന്റി-20യിലും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 34.50 ശരാശരിയില്‍ 83 വിക്കറ്റ് വീഴ്ത്തി. 2010-ല്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരേ കന്നി ടെസ്റ്റില്‍ 63 റണ്ണിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയാണ് റിയാസ് വരവറിയിച്ചത്. അരങ്ങേറ്റത്തില്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഒന്പതാമതു പാക് താരമാകാന്‍ വഹാബ് റിയാസിനായി. ഏകദിനത്തില്‍ 120 ഉം , ടി-20യില്‍ 34 വിക്കറ്റുകളും നേടാന്‍ ഈ ഇടംകൈയന്‍ പേസര്‍ക്കായി. മൊഹാലിയില്‍ ഇന്ത്യക്കെതിരായ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ 46 റണ്‍ വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്്ത്തിയതാണ് പരിമിത ഓവര്‍ ക്രിക്കറ്റിലെ താരത്തിന്റെ മികച്ച പ്രകടനം.
വിക്കറ്റെടുക്കുമെങ്കിലും ധാരാളം റണ്‍ വഴങ്ങുന്നത് നിയന്ത്രിത ഓവര്‍ മത്സരങ്ങളില്‍ വഹാബ് റിയാസിനു തിരിച്ചടിയായി. 2016 ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ നോട്ടിങ്ങാമില്‍ നടന്ന മത്സരത്തില്‍ താരം 10 ഓവറില്‍ വിക്കറ്റൊന്നുമില്ലാതെ 110 റണ്‍ വഴങ്ങിയിരുന്നു. ഏകദിനത്തില്‍ ഒരു ത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍വഴങ്ങിയ ബൗളര്‍മാരുടെ പട്ടികയില്‍ ഈ പ്രകടനം വഹാബ് റിയാസിനെ രണ്ടാം സ്ഥാനത്തെത്തിച്ചിരുന്നു. 10 ഓവറില്‍ 113 റണ്‍ വഴങ്ങിയ ഓസ്ട്രേലിയയുടെ മൈക്കല്‍ ലൂയിസാണ് ഈ നാണക്കേടില്‍ ഒന്നാം സ്ഥാനത്തുള്ളത്.
38 വയസു പിന്നിട്ട വഹാബ് അടുത്തിടെ രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ സൂചനയും നല്‍കിയിരുന്നു. ഈവര്‍ഷം ജനുവരിയില്‍ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാരില്‍ കെയര്‍ടേക്കര്‍ കായിക മന്ത്രിയായി അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.