തിരുവനന്തപുരം ടി20, ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍: ഇന്ത്യ -ഓസ്ട്രേലിയ ടീമുകള്‍ ഇന്നെത്തും
ഇന്ത്യ – ഓസ്ട്രേലിയ ടി20 പരമ്ബരയിലെ ഞായറാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിനായി ടീമുകള്‍ ഇന്ന് തലസ്ഥാനത്ത് എത്തും.
വൈകുന്നേരം 6.30ന് ആണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ താരങ്ങളെത്തുക. മത്സരത്തിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ലോകകപ്പിന് മുന്നോടിയായി നാല് സന്നാഹ മത്സരങ്ങള്‍ക്ക് വേദിയായിരുന്നതിനാല് ഒരുപാട് നവീകരണം ആവശ്യമില്ല. ഗ്രൗണ്ടില്‍ പലയിടത്തും പുല്ല് വച്ചുപിടിപ്പിച്ച് ഒരേ തരത്തിലാക്കുന്ന ജോലി മാത്രമാണ് ബാക്കിയുള്ളത്.
ലോകകപ്പിന് മുന്നോടിയായി സ്റ്റേഡിയത്തില്‍ വലിയ മിനുക്കുപണികള്‍ നടത്തിയിരുന്നു. നാളെ രണ്ട് ടീമുകളും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെത്തി പരിശീലനം നടത്തും. ഉച്ചയ്ക്കാണ് ഓസ്ട്രേലിയയുടെ പരിശീലനം. വൈകുന്നേരം അഞ്ച് മണി മുതല്‍ എട്ട് മണി വരെയാണ് ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തുക. മലയാളി താരം സഞ്ജു സാംസണ് ടീമിന്റെ ഭാഗമല്ലെങ്കിലും തിരുവനന്തപുരം സ്വദേശിയായ അമ്ബയര്‍ അനന്തപത്മനാഭന് മത്സരം നിയന്ത്രിക്കാനെത്തുന്നുണ്ട്.
ഇന്ത്യന്‍ ടീമിന് ഹയാത്ത് റീഗന്സിയിലും ഓസീസിന് താജ് വിവാന്തയിലുമാണ് താമസമൊരുക്കിയിരിക്കുന്നത്. മുന്‍ മത്സരങ്ങളെ അപേക്ഷിച്ച് ടിക്കറ്റ് നിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്. ഗ്യാലറി ടിക്കറ്റുകള്‍ക്ക് 750 രൂപയും ലോവര്‍ ലെവലിന് 2000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണമുള്‍പ്പെടെ ലഭിക്കുന്ന എക്സിക്യൂട്ടീവ് പവിലിയണില്‍ 5000, റോയല്‍ പവിലിയണില്‍ 10,000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് 375 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും.