പവാർ പ്ലേ പൊളിഞ്ഞോ ?
ശരത് പവാറിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അജിത് പവാർ
എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറിന് എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. ബി ജെ പി-ശിവസേന സഖ്യ സര്‍ക്കാരില്‍ ചേരുന്നതിന് മുമ്പ് താന്‍ ശരദ് പവാറുമായി ആലോചിച്ചിരുന്നുവെന്നും അദ്ദേഹം തീരുമാനത്തിന് അനുകൂലമായിരുന്നുവെന്നും അജിത് പവാര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് ശരദ് പവാര്‍ നിലപാട് മാറ്റിയെന്നും അജിത് പവാര്‍ പറഞ്ഞു. വിമത എന്‍ സി പി വിഭാഗത്തിന്റെ ദ്വിദിന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ സി പി അധ്യക്ഷ സ്ഥാനം സ്വയമേവ രാജിവെച്ച പവാറിന്റെ തന്നെ നിര്‍ദേശപ്രകാരമാണ് അദ്ദേഹം തിരിച്ചുവരണം എന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം നടന്നത് എന്നും അജിത് കൂട്ടിച്ചേര്‍ത്തു. അജിത് പവാറും മറ്റ് എട്ട് എന്‍ സി പി എം എല്‍ എമാരും ജൂലൈ രണ്ടിനാണ് എന്‍ ഡി എ സര്‍ക്കാരിന്റെ ഭാഗമായത്.എന്നാല്‍ എന്‍ സി പിയുടെ വിമത ക്യാമ്പ് സര്‍ക്കാരില്‍ ചേരുന്നതിന് മുമ്പും ശേഷവും പവാറുമായി നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് അജിത് പവാര്‍ പറഞ്ഞു. ‘പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചതിന് ശേഷം സര്‍ക്കാരില്‍ ചേരണമെന്ന് ശരദ് പവാര്‍ തന്നെ വിളിച്ച് പറഞ്ഞിരുന്നു. കുടുംബത്തിലെ നാല് പേര്‍ക്കല്ലാതെ മറ്റാര്‍ക്കും രാജിയെക്കുറിച്ച് അറിയില്ലായിരുന്നു,’ എന്നും അജിത് പവാര്‍ പറഞ്ഞു. മെയ് രണ്ടിന് മുംബൈയിലെ വൈബി ചവാന് സെന്ററില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് ശാര്‍ദ് പവാര്‍ രാജി പ്രഖ്യാപിച്ചത്. ഇത് എന്‍ സി പി പ്രവര്‍ത്തകരെയാകെ ഞെട്ടിച്ചിരുന്നു. പ്രവര്‍ത്തകരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ശരദ് പവാര്‍ രാജി പിന്‍വലിച്ചത്. എന്നാല്‍ തന്റെ രാജിയില്‍ പ്രതിഷേധം ആസൂത്രണം ചെയ്തത് ശരദ് പവാര്‍ തന്നെയാണ് എന്നാണ് അജിത് പവാര്‍ അവകാശപ്പെടുന്നത്.രാജിക്ക് ശേഷം പവാര്‍ വീട്ടിലേക്ക് പോയി. പാര്‍ട്ടി നേതാക്കളായ ജിതേന്ദ്ര ഔഹാദിനെയും ആനന്ദ് പരഞ്ജ്പെയെയും വിളിച്ച് വൈബി സെന്ററില്‍ ചില പാര്‍ട്ടി പ്രവര്‍ത്തകരെ കൂട്ടി രാജിക്കെതിരെ ധര്‍ണ നടത്താന്‍ നിര്‍ദ്ദേശം നല്കി. താന്‍ അമ്പരന്നുപോയെന്നും’ അജിത് പവാര്‍ വെളിപ്പെടുത്തി. ആരും അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം സ്വമേധയാ തീരുമാനമെടുത്തതാണെന്നും അജിത് പറഞ്ഞു. .രാജിവെക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ എന്തിനാണ് ഈ പ്രശ്നം മുഴുവന്‍ ഉണ്ടാക്കിയതെന്നും അജിത് പവാര്‍ ചോദിച്ചു. ശരദ് പവാറുമായി സംസാരിക്കുന്നതിന് മുമ്പ് സര്‍ക്കാരില്‍ ചേരുന്നതിനെക്കുറിച്ച് സുപ്രിയ സുലെയുമായി സംസാരിച്ചിരുന്നുവെന്നും പിതാവിനെ ബോധ്യപ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. അത് ബോധ്യപ്പെടുത്താമെന്ന് അവര്‍ വാഗ്ദാനം ചെയ്തതായും അജിത് പവാര്‍ പറഞ്ഞു.എന്നാല്‍ ശരദ് പവാര്‍ സാഹിബ് ഏഴ് ദിവസത്തെ സമയം തേടിയിട്ടും മറുപടിയൊന്നും ലഭിച്ചില്ല എന്നും അജിത് പവാര്‍ പറഞ്ഞു. സുപ്രിയ സുലെയില്‍ നിന്ന് പ്രതികരണമൊന്നും വരാതായപ്പോള്‍ താന്‍ തന്നെ പവാറിനെ നേരിട്ട് കാണുകയും നിരവധി നേതാക്കള്‍ സര്‍ക്കാരില്‍ ചേരാന്‍ തയ്യാറാണെന്ന കാര്യം അറിയിക്കുകയും ചെയ്തു എന്നും അജിത് പവാര്‍ പറഞ്ഞു. രാഷ്ട്രീയഭേദമന്യേ ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്ന പ്രായോഗിക രാഷ്ട്രീയ ചാണക്യൻ തന്നെയാണ് ശരത് പവാർ. എന്ത്, എപ്പോൾ, എവിടെ, എങ്ങനെ പ്രവർത്തിക്കും എന്ന കാര്യം നിഗൂഢം. മനസ്സിലുള്ള കാര്യങ്ങൾ ഊഹിച്ചെടുക്കാൻ അടുപ്പമുള്ളവർക്ക് പോലും അസാധ്യം. പതുങ്ങിയിടത്ത് നിന്ന് എതിർപാളയത്തിലേക്ക് പ്രഹരശേഷിയുള്ള ശരങ്ങളെയ്യാനും രാഷ്ട്രീയ തന്ത്രങ്ങൾ മെനയാനും കെൽപ്പുള്ള നേതാവാണ് താനെന്ന് അദ്ദേഹം തെളിയിക്കുകയാണ്.