ഹമാസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇസ്രയേലി സൈനികരുടെ
ഭാര്യമാർക്ക് വിവാഹമോചനത്തിന് പ്രത്യേക മതകോടതി
ഹമാസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെയും മറ്റും ഭാര്യമാർക്ക് വിവാഹമോചനത്തിന് പ്രത്യേക മതകോടതി രൂപവത്കരിച്ചതായി ഇസ്രായേൽ. ഇസ്രായേൽ ചീഫ് റബ്ബി ഡേവിഡ് ലോയാണ് തിങ്കളാഴ്ച ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഗസ്സ യുദ്ധത്തിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകളുടെ വിവാഹമോചന നടപടികൾ കാര്യക്ഷമമാക്കാനാണ് ഈ നടപടിയെന്ന് ഇസ്രായേൽ മാധ്യമമായ ‘ജറൂസലേം പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. ജൂത മത നിയമപ്രകാരം സ്ത്രീകൾക്ക് വിവാഹമോചനം നേടാൻ കർശനമായ വ്യവസ്ഥകളുണ്ട്. ഭർത്താവ് വിവാഹമോചനം അംഗീകരിച്ച ‘ഗെറ്റ്’ എന്നറിയപ്പെടുന്ന രേഖ മതകോടതി മുമ്പാകെ ഹാജരാക്കണം. ഈ രേഖയില്ലാതെ സ്ത്രീകൾക്ക് പുനർവിവാഹം ചെയ്യാൻ കഴിയില്ല. അങ്ങനെ ആരെങ്കിലും വിവാഹം ചെയ്ത് കുട്ടി ജനിച്ചാൽ അത്തരം കുട്ടികൾക്ക് ഔദ്യോഗികമായി പിതൃത്വം അനുവദിച്ചുകൊടുക്കില്ല. അതേസമയം, പുരുഷന്മാർക്ക് ഈ നിയന്ത്രണം ബാധകമല്ല.ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ നിരവധി സൈനികർ കൊല്ലപ്പെട്ട സാഹചര്യത്തിൽ മതപരമായ ഈ തടസ്സം നീക്കാനാണ് പ്രത്യേക റബ്ബിനിക്കൽ കോടതി സ്ഥാപിക്കുന്നത്. ഭർത്താവ് മരിച്ചുവെന്നും ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവില്ല എന്നും േബാധ്യപ്പെട്ടാൽ മതകോടതി വിവാഹമോചനം അനുവദിക്കും. റബ്ബി ലോ, റബ്ബി എലീസർ ഇഗ്ര, റബ്ബി സ്വി ബെൻ-യാക്കോവ് എന്നീ മൂന്ന് ജഡ്ജിമാരാണ് കോടതിയിൽ ഉണ്ടാവുക.യുദ്ധവുമായി ബന്ധപ്പെട്ട എല്ലാ വിവാഹമോചന കേസുകളും ഈ പ്രത്യേക കോടതിയിലേക്ക് നേരിട്ട് റഫർ ചെയ്യണമെന്ന് റബ്ബിനിക്കൽ കോടതി ഡയറക്ടർ റബ്ബി എലി ബെൻ-ദഹാൻ അറിയിച്ചു. അതേസമയം ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. അൽ അഹ്ലി ,നാസർ ആശുപത്രി ഉൾപ്പെടെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം. ഹമാസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു. വടക്കൻ ഗസ്സയിലെ ജബാലിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 110 പേരാണ് കൊല്ലപ്പെട്ടത്. അൽ അഹ്ലി ആശുപത്രിയിൽ ഇസ്രായേൽ റെയ്ഡ് തുടരുകയാണ്. ആയിരത്തിലധികം രോഗികളുള്ള നാസർ ആശുപത്രിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ലോകാരോഗ്യ സംഘടന അപലപിച്ചു. തെക്കൻ ഗസ്സയിലെ റഫയിൽ താമസ സമുച്ചയങ്ങൾ ലക്ഷ്യമിട്ടും ഇസ്രായേൽ ആക്രമണം ഉണ്ടായി. വെസ്റ്റ് ബാങ്കിലെ നബ്ലൂസിൽ കെട്ടിടങ്ങൾ തകർത്ത ഇസ്രായേൽ സേന നിരവധി ഫലസ്തീനികളെ അറസ്റ്റ് ചെയ്തു.വടക്കൻ ഗസ്സയിലും തെക്കൻ ഗസ്സയിലുമായി ഹമാസുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഓഫീസർ ഉൾപ്പെടെ രണ്ട് ഇസ്രായേൽ സൈനികർ കൂടി കൊല്ലപ്പെട്ടു. ഇസ്രായേൽ നഗരമായ കിര്യത് ഷ്മോനയിൽ ഹിസ്ബുല്ല മിസൈലാക്രമണം നടത്തി. ഇസ്രായേലിൽ എത്തിയ യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇസ്രായേലിനുള്ള അമേരിക്കയുടെ പിന്തുണ ആവർത്തിച്ചു.ഹൂത്തി ആക്രമണം ശക്തമായ ചെങ്കടലിൽ സുരക്ഷിത ചരക്കുകടത്തിന് സംയുക്ത സേനയും ലോയിഡ് പ്രഖ്യാപിച്ചു. അമേരിക്കയ്ക്ക് പുറമെ ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി,സ്പെയിൻ തുടങ്ങിയ രാജ്യങ്ങളും ഗൾഫ് മേഖലയിൽ നിന്ന് ബഹ്റൈനും സേനയുടെ ഭാഗമാകും. അതേസമയം ഇസ്രായേൽ ബന്ധമുള്ള രണ്ട് കപ്പലുകൾ കൂടി ആക്രമിച്ചതായി യെമൻ അറിയിച്ചു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് യമനിലെ ഹൂത്തികൾ ചെങ്കടലിൽ ഇസ്രായേൽ തീരങ്ങളിലേക്ക് സഞ്ചരിക്കുന്ന കപ്പലുകൾ ആക്രമിക്കാനാരംഭിച്ചത്. ഗസ്സ അധിനിവേശം അവസാനിപ്പിക്കുന്നതു വരെ ആക്രമണം തുടരുമെന്നാണ് ഹൂത്തികളുടെ പ്രഖ്യാപനം. കപ്പലുകൾക്കെതിരെ ആക്രമണങ്ങൾ തുടർക്കഥയായതോടെ എം.എൻ.സി, എ.പി മോളർ മാർസ്ക്, ഹപാഗ് ലോയ്ഡ്, ഒ.എൽ.സി.സി തുടങ്ങിയ മുൻനിര ഷിപ്പിങ് കമ്പനികൾ ഇസ്രായേലിലേക്കുള്ള സർവീസ് അവസാനിപ്പിച്ചു.