മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്: എം.വി ഗോവിന്ദനെതിരെ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ നിയമ നടപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍.
തന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് എം.വിഗോവിന്ദന് പരസ്യമായി നടത്തിയ പ്രതികരണം മാനഹാനിയുണ്ടാക്കി എന്നും യഥാര്‍ത്ഥ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് പൊതുമണ്ഡലത്തില്‍ തെറ്റായ ധാരണ പരത്തിയെന്നും വാര്‍ത്താസമ്മേളനം വിളിച്ച് പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും അയച്ച വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമ നടപടി സ്വീകരിക്കുമെന്നും മാങ്കൂട്ടത്തില്‍ നോട്ടീസില്‍ പറയുന്നു.
സെക്രട്ടേറിയറ്റ് ഉപരോധക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടം തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷയ്ക്കൊപ്പം ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടര്‍ന്ന് കോടതി ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയനാക്കി. ഡോക്ടര്‍ നല്കിയ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ജാമ്യം നേടാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എന്നായിരുന്നു എം.വി ഗോവിന്ദന് ഇതേകുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്.