ഗവര്‍ണറുടെ അഹങ്കാരത്തിന് മുന്നില്‍ കേരളം തലകുനിക്കില്ല: മന്ത്രി വി ശിവൻകുട്ടി
ഗവർണറുടെ അഹങ്കാരത്തിനു മുന്നില്‍ കേരളം തലകുനിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി.
ഒരു സംസ്ഥാനത്തെ വികസനത്തെ തകർക്കാൻ ശ്രമിക്കുകയും ഭരണാധികാരികളെയും കേരളത്തെ ആകമാനവും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നും മന്ത്രി ചോദിച്ചു.
പ്രശസ്ത ചരിത്രകാരൻ ഇര്ഫാന് ഹബീബിനെ ഗുണ്ട എന്ന് വിളിച്ചാണ് ഗവർണർ അധിക്ഷേപിച്ചത്. സുപ്രീംകോടതി മുൻ ജഡ്ജി രോഹിന്റണ്‍ നരിമാനും അച്ഛൻ പ്രമുഖ അഭിഭാഷകൻ ഫാലി എസ് നരിമാനുമെതിരെ ഗവർണർ അധിക്ഷേപം ചൊരിഞ്ഞതും നാം കണ്ടു. മുഖ്യമന്ത്രിയോട് കൈക്കൊള്ളുന്ന സമീപനം കണ്ടാല്‍ ഏതെങ്കിലും ഒരു മലയാളിക്ക് ഗവർണറോട് മിണ്ടാൻ കഴിയുമോ? ഗവർണറുടെ കുറേ നാളുകളായുള്ള സമീപനങ്ങളെ പാടെ മറന്നുകൊണ്ട് ഗവർണറോട് ഇടപഴകാൻ കഴിയില്ല.
റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ കേന്ദ്രസർക്കാരിനെ പുകഴ്ത്താൻ മാത്രമാണ് കൂടുതല്‍ സമയവും ഗവർണർ ചെലവഴിച്ചത്. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളെകുറിച്ച് വളരെക്കുറച്ചാണ് ഗവർണർ പ്രതിപാദിച്ചിരിക്കുന്നത്. രാജ്ഭവൻ പ്രവർത്തിക്കുന്നത് ആർഎസ്എസ് നിർദ്ദേശപ്രകാരമാണ് എന്ന് സംശയിച്ചാല്‍ തെറ്റില്ല. അതിനുള്ള സംവിധാനമാണ് അവിടെ ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.