ലൈംഗികാതിക്രമം നടത്തിയ കേസില്‍ ശിക്ഷിച്ച ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കാതെ അധികൃതര്‍
പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയഡോക്ടറെ കോടതി ശിക്ഷിച്ചിട്ടും നടപടിയെടുക്കാതെ അധികൃതർ. കഴിഞ്ഞയാഴ്ച കല്പറ്റ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മനോരോഗ വിദഗ്ധനും കെ.ജിഎം.ഒ മുൻ ജില്ല പ്രസിഡന്റുമായ ഡോക്ടറെ ലൈംഗികാതിക്രമ കേസില്‍ 20000 രൂപ പിഴക്കും രണ്ടുവർഷം തടവിനും ശിക്ഷ വിധിച്ചിരുന്നു. വിധി വന്നിട്ടും ഡോക്ടറെ സർവിസില്‍ നിന്ന് മാറ്റി നിർത്താൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല.
വൈത്തിരി ബി.ആർ.സിയുടെ നേതൃത്വത്തില്‍ കല്പറ്റ എസ്.കെ.എം.ജെ സ്കൂളില്‍ നടക്കുന്ന വിദ്യാർഥികളുടെ എല്‍.ഡി. സ്ക്രീനിങ് ക്യാമ്ബില്‍ ഈ ഡോക്ടറാണ് നേതൃത്വം നല്‍കുന്നത്. 2020 ഒക്ടോബറില്‍ നടന്ന കേസിലാണ് ശിക്ഷിച്ചത്. എന്നാല്‍, വിധി വന്ന ശേഷവും ഇയാളെ സർവിസില്‍ നിന്ന് മാറ്റി നിർത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആരോപണം.
എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ ഡോക്ടർ കല്പറ്റ പുതിയ ബസ് സ്റ്റാൻഡിന് സമീപം നടത്തുന്ന സ്വകാര്യ ക്ലിനിക്കില്‍ വിഷാദരോഗത്തിന് ചികിത്സക്കെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് കേസ്.