പഞ്ചാബ് ഗവര്‍ണര്‍ ബൻവാരിലാല്‍ പുരോഹിത് രാജിവെച്ചു
സർക്കാരുമായി ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ, പഞ്ചാബ് ഗവർണർ ബൻവാരിലാല്‍ പുരോഹിത് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് രാജി.
നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാൻ ഗവർണർ വൈകുന്നതില്‍ സർക്കാരിന് കടുത്ത എതിർപ്പുണ്ടായിരുന്നു. സംസ്ഥാനത്തെ ഭിന്നാഭിപ്രായമുള്ള നിരവധി ബില്ലുകളില്‍ ഗവർണർ ഒപ്പുവെച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട തർക്കം സുപ്രീംകോടതി പരിഗണനയിലാണ്. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാതെ വൈകിപ്പിക്കുന്നതില്‍ ഗവർണർക്കെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
ഗവർണർ ബില്ലുകളില്‍ ഒപ്പിടാതെ വന്നതോടെ പഞ്ചാബ് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ബില്‍ തീരുമാനമെടുക്കാതെ അനന്തമായി തടഞ്ഞുവെക്കാനാവില്ലെന്നും നിയമസഭയുടെ നിയമനിർമാണ അധികാരങ്ങളെ അട്ടിമറിക്കാൻ ഗവർണർക്ക് സാധിക്കില്ലെന്നുമായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.