കോവിഡിന് പിന്നാലെ ഫംഗസ്; അമേരിക്കയില്‍ ഭീതി പടര്‍ത്തി കാന്ഡിഡ ഓറിസ് വ്യാപനം
കോവിഡ് മഹാമാരിക്ക് ശേഷം ആശങ്ക പടര്‍ത്തി അമേരിക്കയില്‍ കാന്ഡിഡ ഓറിസ് എന്ന ഫംഗസ് ബാധ. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് അതിവേഗം പകരുന്ന ഫംഗസ് ബാധയ്ക്ക് രോഗലക്ഷണങ്ങള്‍ പലവിധത്തിലായിരിക്കും. ജനുവരി 10നാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ തുടര്‍ച്ചയായി മൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കുറഞ്ഞ രോഗപ്രതിരോധ ശേഷിയുള്ളവരെയാണ് ഫംഗസ് ഏറ്റവും കൂടുതല്‍ ബാധിക്കുക. ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ഫംഗസ് ബാധിച്ചേക്കാം. ചെവിയിലൂടെയോ, തുറന്ന മുറിവുകളിലോ, രക്തത്തിലാകെയോ അണുബാധ പിടിപ്പെടാം. രോഗമൊന്നുമില്ലാതെ തന്നെ ഒരു വ്യക്തിയുടെ തൊക്കിന് പുറത്തും ശരീരഭാഗങ്ങളിലും ഈ ഫംഗസ് കാണാപ്പെടാം.ഇതിനെ കോളനൈസേഷന്‍ എന്നാണ് പറയുന്നത്. ഈ ഫംഗസ് മറ്റുള്ളവരിലേക്ക് പകരാം. അണുബാധയുള്ളവര്‍ സ്പര്‍ശിച്ച പ്രതലങ്ങള്‍, ഉപയോഗിച്ച വസ്തുക്കള്‍ എല്ലാം അണുബാധ പടരാന്‍ കാരണമാകും. അണുബാധയുള്ളവര്‍ നിര്‍ബന്ധമായും ഐസൊലേഷനില്‍ കഴിയണം. അണുവിമുക്തമായ ഇടത്തേക്കായിരിക്കണം രോഗിയെ മാറ്റേണ്ടത്.
2009ല്‍ ജപ്പാനിലാണ് ആദ്യമായി കാൻഡിഡ ഓറിസ് റിപ്പോര്‍ട്ട് ചെയ്തത്. ഈ ഫംഗസ് മരുന്ന് മൂലം പ്രതിരോധിക്കാൻ സാധിക്കുന്നതല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്.