പാകിസ്ഥാൻ നാളെ പോളിംഗ് ബൂത്തിലേയ്ക്ക്
തിരഞ്ഞെടുപ്പിന്റെ പടിക്കലാണ് പാകിസ്ഥാൻ. രാജ്യത്തെ 128 ദശലക്ഷം ജനങ്ങള്‍ പുതിയ സർക്കാരിനെ തിരഞ്ഞെടുക്കുകയാണ് നാളെ. പാകിസ്ഥാന്റെ 12ാമത് പൊതുതിരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്. ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
വിവിധ കേസുകളില്‍ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റ്, വിവാദങ്ങള്‍, കോടതി വിചാരണകള്‍, സാമ്ബത്തിക പ്രതിസന്ധി എന്നിങ്ങനെ പലവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതിനിടെയാണ് രാജ്യം പൊതുതിരഞ്ഞെടുപ്പിലേയ്ക്ക് കടക്കുന്നത്. രാജ്യത്തുടനീളം ഭീകരവാദ ഭീഷണിയും അക്രമസാദ്ധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ കനത്ത ഭീതിയിലാണ്. വോട്ടിംഗ് ശതമാനം കുറയുമെന്ന ആശങ്കയും രാഷ്ട്രീയ കക്ഷികള്‍ക്കുണ്ട്.
നവാസ് ഷെരീഫ്, ബിലാവല്‍ ഭൂട്ടോ, ഇമ്രാൻ ഖാൻ എന്നിവരാണ് മത്സര രംഗത്തെ പ്രമുഖർ. അഴിമതിയുള്‍പ്പെടെ വിവിധ കേസുകളില്‍ ജയിലില്‍ കഴിയുന്ന ഇമ്രാൻ ഖാന് നേരിട്ട് മത്സരിക്കാനാകില്ലെങ്കിലും പാർട്ടിയിലെ വിശ്വസ്തനെ സ്ഥാനാർത്ഥിയാക്കുമെന്നാണ് വിവരം.