വിൽചെയറിലായിരുന്നിട്ടു കൂടി കർമനിരതനായ നേതാവ്; മുൻ പ്രധാനമന്ത്രി മൻമോഹന് സിങ്ങിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ മൻമോഹന് സിങ്ങിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിൽചെയറിലായിരുന്നിട്ടു കൂടി കർമനിരതനായ നേതാവായിരുന്നു മൻമോഹൻ സിങ് എന്ന് മോദി ചൂണ്ടിക്കാട്ടി. രാജ്യസഭയിൽ ഒരു നിർണായക നിയമനിർമാണവുമായി ബന്ധപ്പെട്ട വോട്ടെടുപ്പിന് അദ്ദേഹം വീൽചെയറിൽ എത്തിയ സംഭവം ചൂണ്ടിക്കാട്ടിയാണ് അഭിനന്ദനം. വിരമിക്കുന്ന രാജ്യസഭാംഗങ്ങൾക്കായി ഒരുക്കിയ യാത്രയയപ്പു ചടങ്ങിലാണ് മോദിയുടെ പരാമർശം.
അതേസമയം, അനാരോഗ്യത്തിനിടയിലും മൻമോഹൻ സിങ്ങിനെ പാർലമെന്റിൽ എത്തിച്ച കോൺഗ്രസിനെ അന്ന് ബിജെപി നേതാക്കൾ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. കോൺഗ്രസ് കാട്ടിയ ഈ ഭ്രാന്ത് രാജ്യം മറക്കില്ല എന്നായിരുന്നു ബിജെപിയുടെ വിമർശനം. ഇതിനിടെയാണ് അതേ സംഭവത്തിന്റെ പേരിൽ പ്രധാനമന്ത്രി മോദി മൻമോഹൻ സിങ്ങിനെ പ്രകീർത്തിച്ചത്.
‘ആ വോട്ടെടുപ്പിൽ ഭരണപക്ഷം വിജയിക്കുമെന്ന് മൻമോഹൻ സിങ്ങിന് അറിയാമായിരുന്നു. എങ്കിലും വീൽചെയറിലെത്തി അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത് ഞാൻ ഓർക്കുകയാണ്. ഒരു പാര്‍ലമെന്റ് അംഗം തന്റെ ഭരണഘടനാപരമായ കര്‍ത്തവ്യം നിർവഹിക്കുന്നതിൽ എത്രത്തോളം ജാഗ്രത പുലർത്തണമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിത്.’’– മോദി പറഞ്ഞു.
വോട്ടെടുപ്പിൽ മൻമോഹൻ സിങ് ആരെയാണ് പിന്തുണച്ചത് എന്നതല്ല പ്രധാനമെന്ന് മോദി ചൂണ്ടിക്കാട്ടി. പക്ഷേ, ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന നടപടിയായിരുന്നു അദ്ദേഹത്തിന്റേത്. നമ്മെ നയിക്കാൻ അദ്ദേഹത്തിനു ദീർഘായുസ് ഉണ്ടാകട്ടെയെന്നും മോദി ആശംസിച്ചു.
‘‘പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകൾക്ക് വലിയ ആയുസ്സില്ല. പക്ഷേ രാജ്യസഭയേയും ഈ രാജ്യത്തെയും ദീർഘകാലം അദ്ദേഹം നയിച്ച രീതിയും നൽകിയ സംഭാവനകളും, ഇന്ത്യൻ ജനാധിപത്യവുമായി ബന്ധപ്പെട്ട ചർച്ചകളിൽ എക്കാലവും ഓർമിക്കപ്പെടും’’ – മോദി പറഞ്ഞു. മൻമോഹൻ സിങ്ങിനേക്കുറിച്ചുള്ള നല്ല വാക്കുകൾക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രിക്കു നന്ദി പറഞ്ഞു. ഇങ്ങനെ തന്നെയാണ് കാര്യങ്ങൾ ചെയ്യേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നല്ലതിനെ അഭിനന്ദിക്കാനും മോശം കാര്യങ്ങളെ വിമർശിക്കാനും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യസഭ അധ്യക്ഷൻ ജഗ്ദീപ് ധൻകറിന്റെ ഡൽഹിയിലെ വസതിയിൽ വച്ച് വൈകിട്ട് 6.30ന് നടക്കുന്ന യാത്രയയപ്പു ചടങ്ങിൽ രാജ്യസഭയിൽ നിന്ന് വിരമിക്കുന്ന അംഗങ്ങൾ പങ്കെടുക്കും.