ഓട്ടോ ഡ്രൈവറെ ആക്രമിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിച്ചു; അഞ്ചുപേര്‍ക്കെതിരെ കേസ്
ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് താനെ പൊലീസ്. ഡ്രൈവറെ ആക്രമിച്ച് 2,000 രൂപ കവരുകയും ചെയ്തിരുന്നു. സംഭവത്തില്‍ അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്.
മുംബ്ര സ്വദേശിയായ മുഹമ്മദ് സാജിദ് ഖാൻ(46) ആണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ ഫെബ്രുവരി 15നായിരുന്നു കേസിനാസ്പദമായ സംഭവം. മുംബ്ര റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഭീവണ്ഡിയിലേക്കുള്ള ഓട്ടം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാനിരിക്കെയാണ് അക്രമിസംഘം ഇദ്ദേഹത്തെ തടഞ്ഞുനിർത്തിയത്.
സംഘം സാജിദിനെ തെറിപറയുകയും ആക്രമിക്കുകയും ചെയ്തു. തലയിലെ തൊപ്പി വലിച്ചെറിഞ്ഞു. തുടർന്ന് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടു. ഓട്ടോ അടിച്ചുതകർക്കുകയും 2,000 രൂപ കവരുകയും ചെയ്തതായി ഇദ്ദേഹം പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. സംഭവം നടന്നയുടൻ സാജിദ് ഖാൻ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതിനു പിന്നാലെ നാട്ടുകാരും പ്രതിഷേധവുമായി നാട്ടുകാർ പൊലീസ് സ്റ്റേഷനിലെത്തി. ഇതോടെയാണ് ശില് ദൈഗർ പൊലീസ് കേസെടുത്തത്. ബാവു എന്ന ഹിതേഷ് വാസ്കർ ഉള്‍പ്പെടെ അഞ്ചുപേർക്കെതിരെയാണു നടപടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 395, 295(എ), 34 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.