തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം: നെടുമ്ബാശ്ശേരി പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി
സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. പത്തിടത്ത് യുഡിഎഫ് വിജയിച്ചപ്പോള്‍ ഒമ്ബത് സീറ്റുകള്‍ എല്‍ഡിഎഫ് നേടി. മൂന്നിടത്ത് ബിജെപി വിജയിച്ചു. ഒരിടത്ത് സ്വതന്ത്ര സ്ഥാനാർഥിക്കും ജയിക്കാനായി.
മുന്നണികള്‍ പരസ്പരം സീറ്റുകള്‍ പിടിച്ചെടുത്തപ്പോള്‍ നേട്ടമുണ്ടാക്കിയത് എല്‍ഡിഎഫാണ്. നേരത്തെ നാല് സീറ്റുകളുണ്ടായിരുന്ന എല്‍ഡിഎഫ് അഞ്ച് സീറ്റുകള്‍ അധികമായി നേടി. 14 സീറ്റുകളുണ്ടായിരുന്ന യുഡിഎഫിന്റെ നില പത്തായി ചുരുങ്ങി. നാല് സീറ്റുകളുണ്ടായിരുന്ന ബിജെപിക്ക് ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളിലെ ജയിക്കാനായുള്ളൂ.
നെടുമ്ബാശ്ശേരി 14-ാം വാർഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ യുഡിഎഫിന് പഞ്ചായത്ത് ഭരണവും നഷ്ടമായി. എല്‍ഡിഎഫ് സ്ഥാനാർത്ഥി എൻഎസ് അർച്ചന വിജയിച്ചതോടെയാണ് ഭരണം പോയത്. 14-ാം വാർഡായ കല്പകയില് 98 വോട്ടിനാണ് അർച്ചനയുടെ വിജയം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന സന്ധ്യ നാരായണപിള്ള രാജിവെച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് ഉണ്ടായത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തർക്കമായിരുന്നു രാജിയില്‍ കലാശിച്ചത്.
നിലവില്‍ 19 അംഗ ഭരണസമിതിയില്‍ ഇരുമുന്നണിക്കും 9 അംഗങ്ങള്‍ വീതമാണുണ്ടായിരുന്നത്. ഡിസംബറില്‍ നറുക്കെടുപ്പിലൂടെ സി.പി.എമ്മിലെ ശോഭ ഭരതൻ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിലെ പി.വി. കുഞ്ഞാണ് പഞ്ചായത്ത് പ്രസിഡന്റ്. ഉപതിരഞ്ഞെടുപ്പിലൂടെ എല്‍ഡിഎഫിന് ഒരു സീറ്റ് കൂടി ലഭിച്ചതോടെ ഭരണം പൂർണ്ണമായും അവരുടെ കൈകളിലെത്തും.