രാജ്യസഭയില്‍ എൻഡിഎ ഭൂരിപക്ഷത്തിനരികെ: നാല് സീറ്റുകളുടെ കുറവ്
ഒഴിവ് വന്ന 56 സീറ്റുകളില്‍ പ്രതിനിധികളെ തിരഞ്ഞെടുത്തതിന് പിന്നാലെ രാജ്യസഭയില്‍ എൻഡിഎ ഭൂരിപക്ഷത്തനരികിലെത്തി. 56-ല്‍ 30 സീറ്റുകളിലാണ് ബിജെപിക്ക് ജയിക്കാനായത്. 20 സീറ്റുകളില്‍ എതിരില്ലാതെയും 10 സീറ്റുകളില്‍ തിരഞ്ഞെടുപ്പിലൂടെയും ബിജെപി തിരഞ്ഞെടുക്കപ്പെട്ടു.
ഇതോടെ 240 അംഗ രാജ്യസഭയില്‍ എൻഡിഎ സഖ്യത്തിന് 117 എംപിമാരായി. 121 അംഗങ്ങളാണ് ഭൂരിപക്ഷത്തിനായി വേണ്ടത്. എൻഡിഎയുടെ 117 എംപിമാരില്‍ 97 എംപിമാരും ബിജെപിയുടേതാണ്. ഇതില്‍ നാമനിർദേശങ്ങളിലൂടെ എത്തിയ അഞ്ച് എംപിമാരും ഉള്‍പ്പെടും. 29 എംപിമാരുള്ള കോണ്‍ഗ്രസാണ് രണ്ടാമത്തെ വലിയ പാർട്ടി.
നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ രണ്ട് സീറ്റ് അധികം ബിജെപിക്ക് ചൊവ്വാഴ്ചയിലെ തിരഞ്ഞെടുപ്പിലൂടെ ലഭിച്ചു. ഉത്തർപ്രദേശില്‍ എസ്പി എംഎല്‍എമാരും ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എമാരും കൂറുമാറി വോട്ട് ചെയ്തതോടെയാണ് ബിജെപിക്ക് രണ്ട് എംപിമാരെ കൂടുതലായി ലഭിച്ചത്.