ഇനിയും BJP സര്‍ക്കാര്‍ വന്നാല്‍ പാചകവാതക വില 2000 രൂപയാകും; മമത
കേന്ദ്രത്തില്‍ ബിജെപി ഇനിയും അധികാരത്തിലെത്തിയാല്‍ പാചകവാതക വില 2,000 രൂപവരെ ഉയർന്നേക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനർജി.
ജനങ്ങള്‍ വീണ്ടും വിറകടുപ്പിലേക്ക് മാറേണ്ടിവരുമെന്നും അവർ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബംഗാളിലെ ഝാട്ഗ്രാം ജില്ലയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു അവർ.
ബി.ജെ.പി. വീണ്ടും ജയിച്ചാല്‍ അവർ പാചകവാതകത്തിന്റെ വില 1500 – 2000 രൂപ വരെ ഉയർത്തിയെന്നുവരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാർ വീണ്ടും അധികാരത്തില്‍ എത്തുകയാണെങ്കില്‍ അടുപ്പില്‍ തീ കത്തിക്കാൻ ജനങ്ങള്‍ വീണ്ടും വിറകുശേഖരിക്കാൻ ഇറങ്ങേണ്ടിവരും – മമത പറഞ്ഞു.
ബിജെപി വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നില്ല. കേന്ദ്ര പദ്ധതികള്‍ സമയബന്ധിതമായി തീർക്കാത്തപക്ഷം അവ ബംഗാള്‍ സർക്കാർ ഏറ്റെടുത്ത് പൂർത്തിയാക്കും. പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴില്‍ പണിതുടങ്ങിയ വീടുകളുടെ നിർമാണ പ്രവർത്തനങ്ങള്‍ പാതിവഴിയിലാണ്. ഇങ്ങനെപോയാല്‍ അവശേഷിക്കുന്ന നിർമാണം സംസ്ഥാന സർക്കാർ പൂർത്തിയാക്കുമെന്നും മമത പറഞ്ഞു.