സിദ്ധാര്‍ഥനെ ആക്രമിച്ച 19 വിദ്യാര്‍ഥികള്‍ക്ക് പഠനവിലക്ക്; ഒരു പ്രതി കൂടി കീഴടങ്ങി
ആള്‍ക്കൂട്ടവിചാരണയ്ക്കിരയായി വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർഥി സിദ്ധാർഥൻ ജീവനൊടുക്കിയ സംഭവത്തില്‍ എസ്എഫ്ഐ പ്രവർത്തകർ ഉള്‍പ്പെടെ പ്രതികളായ 19 വിദ്യാർഥികള്‍ക്ക് മൂന്നുവർഷത്തേക്ക് പഠനവിലക്ക്.
പൂക്കോട് വെറ്റിനറി കോളേജ് ആന്റി റാഗിങ് കമ്മറ്റിയുടെതാണ് തീരുമാനം. രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍ എവിടെയും ഇവർക്ക് പഠനം തുടരാനാവില്ല. സിദ്ധാർഥനെ ക്രൂരമായി ആക്രമിച്ച കേസില്‍ പ്രതിപട്ടികയിലുള്ള 18 പേർക്കും സംഭവത്തില്‍ പങ്കുള്ള മറ്റൊരു വിദ്യാർഥിക്കുമാണ് വിലക്ക്.
അതേസമയം, കേസില്‍ പ്രതിയായ ഒരാള്‍കൂടി വെള്ളിയാഴ്ച കീഴടങ്ങി. മലപ്പുറം സ്വദേശിയായ ഇയാള്‍ കല്‍പ്പറ്റ കോടതിയിലാണ് കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം 11 ആയി. കസ്റ്റഡിയിലുണ്ടായിരുന്ന എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡന്റ് കെ.അരുണ്‍, യൂണിറ്റ് സെക്രട്ടറി അമല്‍ ഇസ്ഹാൻ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരുടെ അറസ്റ്റും വെള്ളിയാഴ്ച രേഖപ്പെടുത്തി. കേസില്‍ നേരത്തെ ഏഴുപേർ അറസ്റ്റിലായിരുന്നു. ബാക്കിയുള്ള ഏഴുപേരെ പിടികൂടാൻ ഇനിയും പോലീസിന് കഴിഞ്ഞിട്ടില്ല. കല്‍പ്പറ്റ ഡിവൈ.എസ്.പി ടി.എൻ. സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.