പി സി അത്ര ഹാപ്പിയല്ല,ബിജെപിയിലേക്ക് വന്നത് എട്ടിന്റെ പണിയായോ?
അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ പത്തനംതിട്ട കൈവിട്ടുപോയതിന്റെ സങ്കടത്തിലാണ് പി സി ജോർജ് എന്ന് തന്നെ പറയേണ്ടി വരും..ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റ് പ്രതീക്ഷിച്ച പിസി ജോര്‍ജിന് നിരാശ മാത്രം ബാക്കി. ഒടുവിൽ നറുക്ക് വീണത് അനില്‍ ആന്റണിക്ക്. ഇതോടെ പിസി ജോര്‍ജ് തന്റെ അതൃപ്തി പരസ്യമാക്കി രംഗത്ത് വന്നിരിക്കുകയാണ്. അനില്‍ ആന്റണിയെ പത്തനംതിട്ടയ്ക്ക് അറിയില്ലെന്നാണ് പിസി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചത്.
ഞാന്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായി വരരുത് എന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും തുഷാറുമാണ്. അവരുടെ ആഗ്രഹം സാധിക്കട്ടെ. പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. സ്ഥാനാര്ത്ഥിയാക്കാമോ എന്ന് ആരെയും ഫോണ്‍ വിളിച്ച് ചോദിച്ചിട്ടില്ല”,എന്നും പിസി ജോര്‍ജ് പറയുകയുണ്ടായി. ആ തുറന്ന് പറച്ചിലിലുണ്ട് പത്തനംതിട്ടയിൽ സീറ്റ് പോയതിന്റെ സങ്കടം. സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് താന്‍ പറഞ്ഞുവെങ്കിലും മണ്ഡലത്തിലെ എന്‍ഡിഎ നേതാക്കള്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന് ആഗ്രഹിച്ചു. അവര്‍ ബിജെപി നേതൃത്വത്തോട് പിസി ജോര്‍ജ് ആയിരിക്കണം സ്ഥാനാര്‍ത്ഥി എന്ന് പറഞ്ഞിരുന്നു. അപ്പോള്‍ തനിക്കും തോന്നി സ്ഥാനാര്‍ത്ഥി ആയാലെന്താ എന്ന്. അത് പ്രകാരം ചില നീക്കങ്ങള്‍ നടത്തി. ബിഷപ്പുമാർക്കും എൻഎസ്എസ് നേതൃത്വത്തിനും പിഎസ് ശ്രീധരൻ പിള്ള സ്ഥാനാർത്ഥിയാകണമെന്നായിരുന്നു താത്പര്യം. ആ നിലയ്ക്കുള്ള ഒരു ദുഃഖമേ തനിക്കുള്ളൂ. അവരോടൊക്കെ എന്ത് പറയും? എനിക്ക് വല്ലതും പറയാൻ പറ്റുമോ? പാർട്ടി ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും പിന്തുണക്കും. വെള്ളാപ്പള്ളിയൊക്കെ ഇത്രയും പ്രായമുള്ള മനുഷ്യനാണ്. ഇന്ന് പറയുന്നത് അദ്ദേഹം നാളെ പറയില്ല. നാളെ പറയുന്നത് നാളത്തെ കഴിഞ്ഞ് പറയില്ല. അപ്പോൾ അങ്ങേരെയൊന്നും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. നമ്മുടെ ഒരു ചേട്ടൻ നമ്മളോട് വൃത്തികേട് എന്തെങ്കിലും ചെയ്താൽ ക്ഷമിച്ചേക്കണം. അല്ലാതെ വെള്ളാപ്പള്ളിയോടൊന്നും മറുപടി പറയാൻ താനില്ലെന്നുമാണ് പിസിയുടെ പക്ഷം.
അനിൽ ആന്റണിക്ക് ആരുമായും ബന്ധമില്ല. ആന്റണിയുടെ മകൻ എന്ന് പറഞ്ഞു മനസ്സിലാക്കണം. ആ ചെറുപ്പക്കാരൻ കോൺഗ്രസിന്റ മീഡിയ പ്രവർത്തനവുമായി ഡൽഹിയിലായിരുന്നു. പിന്നീടാണ് ബിജെപിയിൽ ചേർന്നത്. കേരളത്തിൽ ബിജെപി പ്രവര്‍ത്തകരുടെ ഇടയിൽ പോലും പ്രശസ്തനായ ഒരാളല്ല അനിൽ എന്നും– പി.സി. ജോർജ് പറയുകയുണ്ടായി. പത്തനംതിട്ടയിൽ ക്രൈസ്തവ വിഭാഗമടക്കം മുഴുവൻ സമുദായങ്ങളുടെയും പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അനിൽ ആന്റണി. ബിജെപി കഴിഞ്ഞ തവണ സമാഹരിച്ചതിനേക്കാൾ ഏറെ ദൂരം മുന്നോട്ടുപോകുമെന്നും തന്റെ വിജയത്തിൽ പിസി ജോർജ്ജിനും ഒരു പങ്ക് ഉണ്ടായിരിക്കുമെന്നും അനിൽ ആന്റണി പറഞ്ഞിരുന്നു. എന്നാൽ പിസിയുടെ ശ്രമം ക്രൈസ്തവ വോട്ടുകളെ ഭിന്നിപ്പിക്കും. ഇതിനൊപ്പം എൻ എസ് എസ് വോട്ടുകളും വഴിമാറാൻ അവസരമൊരുക്കുമെന്ന ആശങ്ക ബിജെപി സംസ്ഥാന നേൃത്വത്തിനുണ്ട്.
പത്തനംതിട്ടയിൽ മൂന്ന് ക്രൈസ്തവർ തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ വിഭാഗങ്ങളേയും അനിൽ ആന്റണിയിലേക്ക് അടുപ്പിക്കാനാണ് ബിജെപി ശ്രമം. ഇതിന് വിഘാതമാകും പിസിയുടെ പരസ്യ പ്രസ്താവനകൾ. എടുത്ത ചാട്ടങ്ങൾ വേണ്ടെന്ന സന്ദേശം പിസിക്ക് ബിജെപി കേന്ദ്ര നേതൃത്വം നൽകും എന്നാണ് സൂചന. എകെ ആന്റണിയുടെ മകനാണ് അനിൽ. കോൺഗ്രസ് പ്രവർത്തക സമിതിയിലെ ഏറ്റവും മുതിർന്ന അംഗങ്ങളിലൊരാളായ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയാണ് എകെ. പ്രതിരോധ മന്ത്രിയായി യുപിഎ ഭരണകാലത്ത് കോൺഗ്രസിൽ പ്രധാനിയായ മുഖം. അനിൽ ആന്റണി എന്ന പ്രവർത്തക സമിതി അംഗത്തിന്റെ മകൻ പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയാകുന്നത് ദേശീയ തലത്തിൽ തന്നെ ചർച്ചയാകും. ഈ ലക്ഷ്യത്തിലാണ് എ ക്ലാസ് മണ്ഡലം ആന്റണിയുടെ മകന് ബിജെപി നൽകുന്നത്. ബിജെപിയുടെ ദേശീയ സെക്രട്ടറി കൂടിയായ അനിലിന് വോട്ട് കുറഞ്ഞാൽ കേരളത്തിലെ ബിജെപിക്കാർക്ക് മറുപടി പറയേണ്ടി വരും. പിസിക്കും വിനയായി അത് മാറും.